ഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി, മുൻ എം.പിയും പ്രകടനപത്രിക കമ്മിറ്റിയുടെ അധ്യക്ഷനുമായ ജി. വിവേക് വെങ്കിടസ്വാമി രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് വിവേക് കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിനായുള്ള സമരകാലത്ത് കോൺഗ്രസ് എം.പിയായിരുന്ന വിവേക് പിന്നീട് ബി.ജെ.പിയിലെത്തുകയായിരുന്നു.
തെലങ്കാന ബി.ജെ.പി പ്രസിഡന്റ് ജി. കിഷൻ റെഡ്ഡിക്ക് അയച്ച കത്തിലാണ് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ വിവേക് തന്റെ തീരുമാനം അറിയിച്ചത്. തെലങ്കാന രൂപവത്കരിക്കാനായി താനും കോൺഗ്രസിന്റെ മറ്റ് എം.പിമാരും പോരാടിയിരുന്നതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആഗ്രഹത്തിന് വഴങ്ങിയാണ് അന്നത്തെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി തെലങ്കാന എന്ന ആവശ്യം അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പുതിയ സംസ്ഥാനത്ത് ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ കുടുംബത്തിന് വേണ്ടിയാണ് ബി.ആർ.എസ് സർക്കാർ പ്രവർത്തിച്ചതെന്നും ജനവിരുദ്ധ സർക്കാറിനെ പുറത്താക്കാൻ എല്ലാവരും ഒന്നിക്കണമെന്നും വിവേക് ആവശ്യപ്പെട്ടു. വിവേകിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി പറഞ്ഞു.
മുതിർന്ന നേതാവ് കോമതി റെഡ്ഡി രാജ് ഗോപാൽ റെഡ്ഡി ബി.ജെ.പിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.