കേന്ദ്രമന്ത്രി അനുരാഗിന്റെ ജില്ലയിൽ ബി.​ജെ.പിക്ക് നാണംകെട്ട തോൽവി; അഞ്ച് സീറ്റിലും പൊട്ടി

ഷിംല: ഹിമാചൽ പ്രദേശിൽ ബി.ജെ.പിയുടെ വൻപരാജയത്തിന് പിന്നാലെ ചർച്ചയാകുന്നത് കേന്ദ്രമന്ത്രിയുടെയും ദേശീയ പ്രസിഡന്റിന്റെയും മണ്ഡലങ്ങളിലെ പാർട്ടിയുടെ ദയനീയപ്രകടനം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ സ്വന്തം സംസ്ഥാനമായ ഹിമാചലിൽ 68 മണ്ഡലങ്ങളിൽ 21 എണ്ണത്തിലും ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ വിമതർ മത്സരരംഗത്തുണ്ടായിരുന്നു.

വിമതരിൽ രണ്ട് പേർ മാത്രമാണ് വിജയിച്ചതെങ്കിലും തോറ്റവർ നേടിയ വോട്ടുകൾ കോൺഗ്രസിന് ജയം എളുപ്പത്തിലാക്കി. വിഭാഗീയത രൂക്ഷമായ സംസ്ഥാനത്ത് ബി.ജെ.പി മൂന്ന് ഗ്രൂപ്പുകളായാണ് ചേരിതിരിഞ്ഞത്. അനുരാഗ് താക്കൂർ, ജെപി നദ്ദ, മുഖ്യമന്ത്രി ജയറാം താക്കൂർ എന്നിവരാണ് ഓരോവിഭാഗത്തിനും നേതൃത്വം നൽകിയതെന്ന് അണികൾ പറയുന്നു. പാർട്ടി ദേശീയപ്രസിഡന്റ് ജെ.പി. നദ്ദയുടെ മണ്ഡലമായ ബിലാസ്പൂരിൽ 276 വോട്ടിന് കഷ്ടിച്ചാണ് പാർട്ടി കരകയറിയത്.

അതേസമയം, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ജില്ലയിൽ പാർട്ടി കൂട്ടതോൽവി നേരിട്ടു. ഇതിനുപിന്നാലെ അദ്ദേഹത്തെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയയിൽ ബി.ജെ.പി അനുഭാവികൾ പരസ്യമായി രംഗത്തിറങ്ങി.

അനുരാഗ് ഠാക്കൂറിന്റെ സ്വന്തം ജില്ലയായ ഹമീർപൂരിലെ അഞ്ച് മണ്ഡലങ്ങളിലും ബി.ജെ.പി നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ജില്ലയിലെ ബോറഞ്ച്, സുജൻപൂർ, ഹാമിർപൂർ, ബർസർ, നദൗൻ എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി തകർന്നടിഞ്ഞത്. ബോറഞ്ചിൽ ബി.ജെ.പിയുടെ ഡോ. അനിൽ ധമാൻ 60 വോട്ടുകൾക്ക് കോൺഗ്രസിലെ സുരേഷ്കുമാറിനോട് അടിയറവുപറഞ്ഞു. അനിലിന് 24,719​ വോട്ടുകിട്ടിയപ്പോൾ സുരേഷിന് 24,779 വോട്ട് ലഭിച്ചു. ഇവിടെ വിമതസാന്നിധ്യം പ്രകടമായിരുന്നു.

സുജൻപൂരിലാകട്ടെ, 399 വോട്ടിന് കോൺഗ്രസ് വിജയിച്ചു. കോൺഗ്രസിലെ രജീന്ദർ സിങ്ങിന് 27679 വോട്ടും ബി.ജെ.പിയിലെ രഞ്ജിത് സിങ് റാണക്ക് 27280 വോട്ടുമാണ് ലഭിച്ചത്. ഹാമിർപൂരിൽ 223 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി പുഷ്പീന്ദർ വർമ വിജയിച്ചു. 13,017 വോട്ടാണ് ഇദ്ദേഹം നേടിയത്. ബി.ജെ.പിയിലെ നരേ​ന്ദർ താക്കൂറിന് 12,794 വോട്ടു​കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

ബർസാറിൽ 13,792 ആണ് കോൺഗ്രസിന്റെ ഭൂരിപക്ഷം. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇന്ദർദത്ത് ലഖൻപാലിന് 30,293 വോട്ടും ബി.ജെ.പിയിലെ മായശർമക്ക് 16,501 വോട്ടും ലഭിച്ചു.

നദൗൻ മണ്ഡലത്തിൽ 3,363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി സുഖ്‍വീന്ദർ സിങ് ജയിച്ചത്. ഇദ്ദേഹത്തിന് 36,142​ വോട്ടുലഭിച്ചപ്പോൾ ബി.ജെ.പിയിലെ വിജയ്കുമാറിന് 32,779 വോട്ടാണ് കിട്ടിയത്.

ബി.ജെ.പിയുമായി താരതമ്യം ചെയ്യുമ്പോൾ, പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വളരെ ​ചെറിയ രീതിയിലുള്ള പ്രചാരണപരിപാടികളാണ് കോൺഗ്രസ് നടത്തിയത്. എന്നാൽ, അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിൽ വിപുലമായ പ്രചാരണമായിരുന്നു ബി.ജെ.പി സംഘടിപ്പിച്ചത്. 

Tags:    
News Summary - BJP lost all five seats in Anurag Thakur's home district of Hamirpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.