മദ്യനിരോധനം ആവശ്യപ്പെട്ടിട്ട് അനക്കമില്ല; തെരുവിലിറങ്ങി മദ്യശാല കല്ലെറിഞ്ഞ് തകർത്ത് ഉമാഭാരതി

ഭോപ്പാൽ: ഭോപ്പാലിൽ മദ്യശാല തകർത്ത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ തീപ്പൊരി നേതാവുമായ ഉമാഭാരതി. സംസ്ഥാനത്ത് മദ്യനിരോധനം ആവശ്യപ്പെട്ട് മദ്യശാലകൾക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് അവർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്‌ചക്കുള്ളിൽ മദ്യശാല അടച്ചുപൂട്ടാൻ പ്രാദേശിക ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയതായി അവർ പറഞ്ഞു.

'ബർഖേദ പഠാനി പ്രദേശത്തെ തൊഴിലാളികളുടെ കോളനിയിൽ നിരവധി മദ്യശാലകളുണ്ട്. അവിടെ അടഞ്ഞ സ്ഥലത്ത് മദ്യം വിളമ്പുന്നു. ഈ കടകളിലേക്ക് ഈ തൊഴിലാളികളുടെ പണം ഒഴുകുന്നു. മദ്യഷാപ്പ് സർക്കാർ നയത്തിന് എതിരായതിനാൽ താമസക്കാരും സ്ത്രീകളും എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കട പൂട്ടുമെന്ന് ഭരണകൂടം മുമ്പ് പലതവണ ഉറപ്പ് നൽകിയിരുന്നു, പക്ഷേ വർഷങ്ങളായി ഇത് സംഭവിച്ചിട്ടില്ല' -മദ്യശാല കല്ലെറിഞ്ഞ് തകർക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഉമാഭാരതി പറഞ്ഞു.

'ഇന്നുമുതൽ ഒരാഴ്ചക്കുള്ളിൽ ഇത് അടച്ചുപൂട്ടാൻ ഞാൻ അഡ്മിനിസ്ട്രേഷന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്' -അവർ കൂട്ടിച്ചേർത്തു. ജനുവരി 15നകം സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്നും അല്ലെങ്കിൽ വടിയുംകൊണ്ട് തെരുവിലിറങ്ങുമെന്നും കഴിഞ്ഞ വർഷം അവർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, മധ്യപ്രദേശ് സർക്കാർ മദ്യമേഖലയിൽ കൂടുതൽ ഇളവുകൾ നൽകി മ​ുന്നോട്ടുപോകുകയാണ്. ഒരു കോടി രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനമുള്ള ആളുകൾക്ക് വീട്ടിൽ ബാർ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 2,544 നാടൻ മദ്യശാലകളും 1,061 വിദേശ മദ്യശാലകളുമുണ്ട്.

Tags:    
News Summary - BJP Leader Uma Bharti Vandalises Liquor Shop In Bhopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.