കേന്ദ്ര ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുന്നു; പിണറായി വിജയനെതിരായ ഇഡി നടപടിയിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ആനി രാജ

ആന്ധ്രാപ്രദേശ്: മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ ബോധപൂർവം വേട്ടയാടുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ആനി രാജ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. വിജയവാഡയിൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു സി.പി.ഐ ദേശീയ സെക്രട്ടറി ആനി രാജ.

സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും, ഇതിലേക്ക് ഇ.ഡി കടന്നുവന്നത് എന്തിനാണെന്നും ആനി രാജ ചോദിച്ചു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാനും സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനുമായി ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ആനി രാജ ആരോപിച്ചു.

സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതി ഉൾപ്പെടെ കേരളത്തിലെ പത്തോളം കേന്ദ്രങ്ങളിൽ കഴിഞ്ഞ ബുധനാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതി ഉത്തരവിന് തൊട്ടുപിന്നാലെയായിരുന്നു ഇ.ഡിയുടെ ഈ നീക്കം.

അതേസമയം, ഇ.ഡി നടപടിക്കെതിരെ സി.പി.ഐ.എം കേന്ദ്ര നേതൃത്വവും ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാര ബുദ്ധിയുടെ ഒടുവിലത്തെ ഉദാഹരണമാണ് പിണറായി വിജയന്റെ വസതിയിൽ നടന്ന റെയ്ഡെന്ന് സി.പി.ഐ.എം എക്സിലൂടെ പ്രതികരിച്ചിരുന്നു.

ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതുകൊണ്ട് ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ ഭയപ്പെടുത്താനും ശബ്ദമില്ലാതാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും, സംഘപരിവാർ രാഷ്ട്രീയത്തിന് കീഴടങ്ങാത്ത നേതാക്കളെ മാധ്യമ വിചാരണയിലൂടെയും ഇത്തരം അന്വേഷണങ്ങളിലൂടെയും വേട്ടയാടുകയാണെന്നും സി.പി.ഐ.എം പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - BJP is using central agencies as political weapons; Annie Raja criticizes BJP over ED action against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.