രാജാ സിങ്

പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു; മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരെ വിമർശനവുമായി വിദ്വേഷ പ്രചാരകൻ രാജാ സിങ്

ഹൈദരാബാദ്: മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി അടുത്തിടെ പാർട്ടി വിട്ട വിദ്വേഷ പ്രചാരകൻ രാജാ സിങ് എം.എൽ.എ. ബി.ജെ.പിയിലെ ചില നേതാക്കൾ സംസ്ഥാനത്തെ പാർട്ടിയുടെ സാധ്യതകൾക്ക് കോട്ടം വരുത്തുന്നുണ്ടെന്നും രാജാ സിങ് ആരോപിച്ചു. രാജ്യത്ത് മുസ്ലിംകൾക്കെതിരെ നിരന്തരം വി​ദ്വേഷ പ്രചാരണം നടത്തുന്ന നേതാവാണ് രാജാ സിങ്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹം നടപടിയും നേരിട്ടിരുന്നു.

കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയെ ഉന്നമിട്ടാണ് രാജാസിങ്ങിന്റെ ആരോപണം. മുതിർന്ന നേതാവായ കിഷൻ റെഡ്ഡി പാർട്ടിക്കുള്ളിലെ പിന്നാ​ക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്നാണ് വിമർശനം.

''തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴൊക്കെ ബി.ജെ.പി ദേശീയ നേതാക്കൾ ഹൈദരാബാദിലെത്തുകയും അടുത്ത ബി.ജെ.പി മുഖ്യമന്ത്രി പിന്നാക്ക സമുദായത്തിൽ നിന്നാണെന്ന് വാഗ്ദാനം നൽകുകയും ചെയ്യും. എന്നാൽ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിക്ക് പകരം റെഡ്ഡി സ്ഥാനാർഥിയെ നിർത്തിയതോടെ ബി.ജെ.പി പിന്നാക്ക വിഭാഗങ്ങൾക്ക് ഒരു പരിഗണനയും നൽകുന്നി​ല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ ബി.ജെ.പിയുടെ സാധ്യതകൾക്ക് കോടം വരുത്തുകയാണ് ചില മുതിർന്ന നേതാക്കൾ. മറ്റ് നേതാക്കളെ അരികിലേക്ക് മാറ്റിനിർത്തി കിഷൻ റെഡ്ഡി തന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. എതിർക്കുന്നവരെ അടിച്ചമർത്തും. പല മുതിർന്ന നേതാക്കൾക്കും ഇപ്പോഴത്തെ ബി.ജെ.പി നേതൃത്വത്തിൽ കടുത്ത അതൃപ്തിയാണുള്ളത്.''-രാജാ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി സംസ്ഥാന സമിയിയിലെ ഭൂരിഭാഗം അംഗങ്ങളും ഗ്രേറ്റർ ഹൈദരാബാദിൽ നിന്നാണെന്ന ആരോപണവും രാജാ സിങ് ഉയർത്തി. ആത്മാർഥതയുള്ള പല നേതാക്കൾക്കും അംഗത്വം നൽകാതെ അവഗണിച്ചുകൊണ്ടാണിത്. തെലങ്കാനയിൽ അധികാരത്തിൽ വരാൻ ബി.ജെ.പിക്ക് വലിയ സാധ്യതയുണ്ട്. എന്നാൽ ചില നേതാക്കൾ ആ സാധ്യത തന്നെ ഇല്ലാതാക്കുകയാണ്.-രാജാ സിങ് പറഞ്ഞു.

ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിനായി എത്രവോട്ടുകൾ ഉറപ്പാക്കിയെന്ന് കിഷൻ റെഡ്ഡി പൊതുജനങ്ങളുടെ മുന്നിൽ വിശദീകരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടു.

ഗോഷമഹൽ മണ്ഡലത്തിൽ നിന്നാണ് രാജാ സിങ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. താൻ ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിലും ഹിന്ദുത്വ അജണ്ടകളിലും വിശ്വസിക്കുന്നില്ലെന്നും രാജാ സിങ് തുറന്നടിച്ചു. തെലങ്കാനയിലെ ബി.ജെ.പി നേതാക്കൾ പിന്നാക്ക വിഭാഗങ്ങളോട് വാക്കാൽ മാത്രമേ സഹാനുഭൂതി കാണിക്കുന്നുള്ളൂ. അവരെ അകറ്റിനിർത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പ് തന്നെയാണ് അതിന് വലിയ ഉദാഹരണം. സെക്കന്തരാബാദ് ലോക്സഭാ മണ്ഡലത്തിൽ വരുന്ന മണ്ഡലമായതിനാൽ, പാർട്ടിയുടെ വിജയം ഉറപ്പാക്കേണ്ടത് കിഷൻ റെഡ്ഡിയുടെ ഉത്തരവാദിത്തമാണെന്നും രാജാ സിങ് കൂട്ടിച്ചേർത്തു.

രാംചന്ദർ റാവുവിനെ തെലങ്കാന ബി.ജെ.പി അധ്യക്ഷനായി നിയമിച്ചതിനുശേഷമാണ് രാജാ സിങ് ബി.ജെ.പിയുമായി ഉടക്കിയത്. രാജാ സിങ് യുവാക്കളെ ആകർഷിക്കാനായി മുമ്പ് ശ്രീറാം യുവ സേന എന്ന പേരിലുള്ള ഒരു പ്രാദേശിക സംഘടന രൂപവത്കരിച്ചിരുന്നു. എന്നാൽ ഇത് കടലാസിലൊതുങ്ങിപ്പോയി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയുമായി ചേർന്നായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 2009 മുതൽ 2013 വരെ തെലുങ്കു ദേശം പാർട്ടിയുമായി സഹകരിച്ചു.അതിനു മുമ്പ് ആർ.എസ്.എസിലും ബജ്റംഗ് ദളിലും പ്രവർത്തിച്ചിരുന്നു. 2014 മുതൽ ബി.ജെ.പിയുടെ ഭാഗമായി. തുടർച്ചയായി രണ്ടുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2018ലെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 100ലേറെ മണ്ഡലങ്ങളിൽ കെട്ടിവെച്ച പണം നഷ്ടപ്പെട്ടപ്പോൾ രാജാ സിങ് വിജയിച്ചു.

Tags:    
News Summary - BJP has no respect for BCs alleges MLA Raja Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.