ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാനായില്ലെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കം തകൃതിയാക്കി ബി.ജെ.പി. വ്യാഴാഴ്ച വൈകീട്ട് നാലരക്ക് രാം ലീലാ മൈതാനിയിലാണ് പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ. രാവിലെ 11.30ന് നിശ്ചയിച്ചിരുന്ന ചടങ്ങ് വൈകീട്ടേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച നിയമസഭ കക്ഷി യോഗം ചേരും.
27 വർഷത്തിനുശേഷം ഭരണം ലഭിച്ച ഡൽഹിയിലെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രൗഢമാക്കാൻ പ്രമുഖരെയടക്കം പങ്കെടുപ്പിക്കാനാണ് പാർട്ടി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻ.ഡി.എ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങി ഉന്നത നേതാക്കളും ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, വിവേക് ഒബ്റോയ്, ഹേമമാലിനി, കൈലാഷ് ഖേർ തുടങ്ങിയവരും പങ്കെടുക്കും. അരലക്ഷത്തോളം പേർ ചടങ്ങിന് എത്തുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ തർക്കമാണ് ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ച സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ചയിലേക്ക് മാറ്റാൻ കാരണമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത രീതി പിന്തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന് പകരം പാർട്ടി ഭാരവാഹികളെപോലും ഞെട്ടിച്ച് മോഹൻ യാദവിനെയാണ് തെരഞ്ഞെടുത്തത്. രാജസ്ഥാനിൽ ആദ്യമായി എം.എൽ.എയായ ഭജൻ ലാൽ ശർമയെയാണ് മുഖ്യമന്ത്രിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.