ന്യൂഡൽഹി: മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള യു.പി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എക്സിലൂടെയാണ് അഖിലേഷ് യാദവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
'ഇത് വളരെ അപമാനകരവും സെൻസിറ്റീവുമായ വിഷയമാണ്' -കുംഭമേളയിൽ പങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രദർശിപ്പിച്ച് വിൽക്കുന്നതിനെക്കുറിച്ചും അഖിലേഷ് യാദവ് പ്രതികരിച്ചു. ‘മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു. ഈ ഓൺലൈൻ വിൽപ്പനയിൽ നിന്ന് ജി.എസ്.ടി നേടുന്നതിലൂടെ, സർക്കാർ നിയമവിരുദ്ധ വ്യാപാരത്തിൽ പങ്കാളിയാവുകയാണ്’ -അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശ്, ദേശീയ വനിതാ കമ്മീഷനുകൾ ഉടനടി നടപടിയെടുക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മഹാ കുംഭമേള കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിനെതിരെ നേരത്തെയും അഖിലേഷ് വിമർശനം ഉന്നയിച്ചിരുന്നു. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന സർക്കാരിന്റെ സാമ്പത്തിക ലക്ഷ്യം പൂർത്തീകരിക്കാൻ മഹാകുംഭമേള ഉപയോഗിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
‘മഹാ കുംഭമേളയിലൂടെ യു.പി സർക്കാർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ആത്മീയ പരിപാടികൾ ലാഭമുണ്ടാക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് ഉദേശിക്കുന്നത്. തീർത്ഥാടകർക്ക് സൗകര്യമൊരുക്കുക എന്ന സർക്കാരിന്‍റെ കടമ നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടു’ -യാദവ് പറഞ്ഞു. ഭക്തർ സ്നാനം ചെയ്യുന്ന ത്രിവേണി സംഗമത്തിലെ ജലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും പ്രായമായ തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.