ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം കിട്ടിയത് 1685 കോടി; 83 ശതമാനം വരുമാനവർധനവ്

ന്യൂഡൽഹി: വിവാദ ഇലക്ടറൽ ബോണ്ടുകൾ വഴി 2023-24 സാമ്പത്തിക വർഷം ഭരണകക്ഷിയായ ബി.ജെ.പിക്ക് ലഭിച്ചത് 1685.6 കോടി രൂപ. സാമ്പത്തിക വർഷം ബി.ജെ.പിയുടെ ആകെ വരുമാനം 4340 കോടിയായി ഉയരുകയും ചെയ്തു. മുൻ സാമ്പത്തിക വർഷം ഇത് 2360 കോടിയായിരുന്നു. 83 ശതമാനം വരുമാനവർധനവാണ് പാർട്ടിക്കുണ്ടായത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട പാർട്ടികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് വരുമാനം സംബന്ധിച്ച വിവരങ്ങൾ.

2024 ഫെബ്രുവരി 15 വരെയാണ് പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ചത്. ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 2024 ഫെബ്രുവരി 15ന് ഇത് റദ്ദാക്കിയിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി വിധി പറഞ്ഞത്. ബോണ്ടുകള്‍ വാങ്ങിയവരുടെയും സ്വീകരിച്ച പാർട്ടികളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.


2023-24 സാമ്പത്തിക വർഷത്തിൽ കോൺഗ്രസിന്‍റെ വരുമാനം 170 ശതമാനമാണ് വർധിച്ചത്. മുൻ വർഷം 452 കോടിയായിരുന്നത് 2023-24ൽ 1225 കോടിയായി ഉയർന്നു. ഇതിൽ 828 കോടി ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണ്. 2022-23ൽ 171 കോടിയായിരുന്നു ഇലക്ടറൽ ബോണ്ട് വഴി കോൺഗ്രസിന് കിട്ടിയിരുന്നത്. 384 ശതമാനത്തിന്‍റെ വർധനവുണ്ടായി.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 612.4 കോടിയാണ് 2023-24ൽ ഇലക്ടറൽ ബോണ്ടിലൂടെ കിട്ടിയത്. ബി.ആര്‍.എസ് -495.5 കോടി, ബി.ജെ.ഡി - 245.5 കോടി, ടി.ഡി.പി -174.1 കോടി, വൈ.ആര്‍.എസ് കോണ്‍ഗ്രസ് - 121.5 കോടി, ഡി.എം.കെ -60 കോടി, ജെ.എം.എം -11.5 കോടി, സിക്കിം ഡിമോക്രാറ്റിക് ഫ്രണ്ട് 5.5 കോടി എന്നിങ്ങനെയാണ് മറ്റ് പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച വരുമാനം.

കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം വി​ലാ​സം വെ​ളി​പ്പെ​ടു​ത്താ​തെ രാഷ്ട്രീയ പാർട്ടികൾക്ക് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​യാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്. 

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്‌റെ ഫെബ്രുവരി 15ലെ വിധി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹരജി വന്നിരുന്നു. എന്നാൽ, ഒക്ടോബറിൽ സുപ്രീംകോടതി ഈ ഹരജി തള്ളുകയാണുണ്ടായത്. 

Tags:    
News Summary - BJP got record Rs 1.7k crore in electoral bonds in FY24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.