‘ഇത് ഇന്ത്യയാണ്, ഇവിടെയുള്ള എല്ലാവർക്കും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്’; പ്രതികരണത്തിന് പിന്നാലെ ഗായകൻ പവൻ സിങ് ബി.ജെ.പിയിൽനിന്ന് പുറത്ത്

പട്ന: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകിയ ഭോജ്പുരി ഗായകൻ പവൻ സിങ്ങിനെ ബി.ജെ.പി പുറത്താക്കി. ബിഹാറിലെ കരാകട്ട് മണ്ഡലത്തിൽനിന്നാണ് പവൻ സിങ് ജനവിധി തേടുന്നത്. ഉപേന്ദ്ര കുശ്‍വാഹയാണ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി.

മേയ് ഒമ്പതിന് പവൻ സിങ് പത്രിക സമർപ്പിച്ചതോടെ ബി.ജെ.പി നേതൃത്വത്തിൽനിന്ന് കടുത്ത സമ്മർദമുണ്ടാവുകയും പത്രിക പിൻവലി​ച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ പ്രേം കുമാർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, പവൻ വഴങ്ങിയിരുന്നില്ല. എന്തുവന്നാലും പത്രിക പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.

‘ഞാൻ എന്റെ നോമിനേഷൻ പിൻവലിക്കില്ല. ബി.ജെ.പി എനിക്കെതിരെ നടപടിയെടുക്കാൻ ഞാനൊരു കുറ്റവാളിയല്ല, ഒരു കലാകാരനാണ്. ഇത് ഇന്ത്യയാണ്, ഇവിടെയുള്ള എല്ലാവർക്കും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ട്. ആരു പറഞ്ഞാലും എന്ത് വില കൊടുത്തും തെരഞ്ഞെടുപ്പിൽ മത്സരിക്കും’ -എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ പവൻ സിങ്ങിന് ബി.ജെ.പി സീറ്റ് നൽകിയിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

പവൻ സിങ് കൂടി പത്രിക നൽകിയതോടെ മണ്ഡലത്തിൽ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. സി.പി.ഐ.എം.എലിലെ രാജാറാം സിങ് കുഷ്വാഹയാണ് ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥി. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് മണ്ഡലത്തിലെ വോട്ടെടുപ്പ്.

Tags:    
News Summary - BJP expels actor-turned-politician Pawan Singh from contesting Lok Sabha Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.