'ബി.ജെ.പി സ്വേച്ഛാധിപത്യത്തിന്റെ എല്ലാ പരിധിയും ലംഘിച്ചു': എ.എ.പി എം.എൽ.എമാരുടെ സസ്‌പെൻഷനിൽ വിമർശനവുമായി അതിഷി

ന്യൂഡൽഹി: അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി 'സ്വേച്ഛാധിപത്യത്തിന്റെ എല്ലാ പരിധിയും' ലംഘിച്ചുവെന്ന് ആരോപിച്ച് മുൻ ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അതിഷി മർലേന. 'ജയ് ഭീം' എന്ന മുദ്രാവാക്യം വിളിച്ചതിനാണ് എ.എ.പി എം.എൽ.എമാരെ മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതും ഡൽഹി നിയമസഭയിലേക്ക് പ്രവേശനം നിഷേധിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ നിയമസഭയിൽ പ്രവേശിക്കുന്നത് വിലക്കുന്ന ഇത്തരത്തിലുള്ള നീക്കം ഡൽഹി നിയമസഭയുടെ ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും അതിഷി ഊന്നിപ്പറഞ്ഞു.

'അധികാരത്തിൽ വന്നതിന് ശേഷം ബി.ജെ.പി സ്വേച്ഛാധിപത്യത്തിന്റെ അതിരുകൾ ലംഘിച്ചിരിക്കുന്നു. 'ജയ് ഭീം' മുദ്രാവാക്യം വിളിച്ചതിന് എ.എ.പി എം.എൽ.എ മാരെ മൂന്ന് ദിവസത്തേക്ക് സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്ന് എ.എ.പി എം.എൽ.എമാരെ വിധാൻ സഭ വളപ്പിൽ പോലും പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഡൽഹി നിയമസഭയുടെ ചരിത്രത്തിൽ ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല.' അതിഷി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

അതേസമയം, ഡൽഹി നിയമസഭയിൽ ലെഫ്റ്റനന്റ് ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതിൽ പ്രതിപക്ഷത്തിനെതിരെ ഡൽഹി മന്ത്രിയും ബി.ജെ.പി നേതാവുമായ പർവേഷ് വർമ രംഗത്തുവന്നു. 'വലിയ കുറ്റകൃത്യം' ആണിതെന്നും ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും പർവേശ് വർമ മുന്നറിയിപ്പുനൽകി.

ഫെബ്രുവരി 25 ന്, സി.എ.ജി റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഉണ്ടായ ബഹളത്തിൽ സ്പീക്കർ വിജേന്ദർ ഗുപ്ത എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്തതോടെയാണ് ഡൽഹി നിയമസഭയിൽ സംഘർഷം രൂക്ഷമായത്. പ്രതിപക്ഷ നേതാവ് അതിഷി, എ.എ.പി എം.എൽ.എ ഗോപാൽ റായ് എന്നിവരുൾപ്പെടെ 12 എം.എൽ.എമാരെയാണ് സസ്‌പെൻഡ് ചെയ്തത്.

ലെഫ്റ്റനന്റ് ഗവർണർ പ്രസംഗം ആരംഭിച്ചയുടൻ, എ.എ.പി എം.എൽ.എമാർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. തടസ്സത്തെത്തുടർന്ന് എം.എൽ.എമാരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തുടർന്ന് സസ്‌പെൻഡ് ചെയ്ത എം.എൽ.എമാർ നിയമസഭക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ബാബാസാഹിബ് അംബേദ്കറുടെ ചിത്രമുള്ള പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

ബി.ജെ.പി എം.പി പ്രവീൺ ഖണ്ഡേൽവാളും എ.എ.പി ക്കെതിരെ ആഞ്ഞടിച്ചു. പാർട്ടി ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ലെന്നും അരാജകത്വം വ്യാപിപ്പിക്കുന്നുവെന്നും ആരോപിച്ചു. കഴിഞ്ഞ 10 വർഷമായി എ.എ.പി നടത്തിയ അഴിമതികൾ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡൽഹി നിയമസഭാ പരിസരത്ത് എ.എ.പി എം.എൽ.എ മാർക്ക് പ്രവേശനം നിഷേധിച്ച വിഷയത്തിൽ സംസാരിച്ച ഖണ്ഡേൽവാൾ നിയമസഭ നടപടികളിൽ അവർക്ക് താൽപര്യമില്ലെന്നും കുറ്റപ്പെടുത്തി.

'ഡൽഹിയിലെ ജനങ്ങളുടെ മുന്നിൽ തങ്ങളുടെ സത്യം പുറത്തുവരുമെന്ന് എ.എ.പി ഭയപ്പെടുന്നു. ഈ ആളുകൾ ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ല, അരാജകത്വം പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ അവർ ചെയ്ത എല്ലാ അഴിമതികളും ഒന്നൊന്നായി പുറത്തുവരും. ഒരു എം.എൽ.എയ്ക്ക് നിയമസഭയിൽ പ്രവേശിക്കാനുള്ള അവകാശമുണ്ട്. ആർക്കും അവരുടെ അവകാശം നിഷേധിക്കാൻ കഴിയില്ല. എന്നാൽ ഈ ആളുകൾക്ക് നിയമസഭാ നടപടികളിൽ താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - "BJP crossed limits of dictatorship": Atishi criticises suspension of AAP MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.