2023ൽ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഏറ്റവുമധികം ഓർഡർ ചെയ്‌തത് ബിരിയാണി



ന്യൂഡൽഹി: 2023ൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ ചെയ്‌തത് ബിരിയാണിയെന്ന് ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. സൊമാറ്റോയുടെ ഓർഡറിംഗ് ട്രെൻഡുകളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് അനുസരിച്ച് 2023ൽ 10.09 കോടി ബിരിയാണിയുടെ ഓർഡറുകളാണ് ലഭിച്ചത്. ഡൽഹിയിലെ എട്ട് കുത്തബ് മിനാറുകളിൽ നിറയാൻ മാത്രം ഉണ്ടാകും അത്. അതേ സമയം മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സ്വിഗ്ഗിയിൽ ഏറ്റവുമധികം പേർ ഓർഡർ ചെയ്ത വിഭവം എന്ന സ്ഥാനവും ബിരിയാണിക്ക് തന്നെ ലഭിച്ചു.

തുടർച്ചയായ എട്ടാം വർഷവും സ്വിഗ്ഗിയിൽ ഏറ്റവുമധികം ആളുകൾ ഓർഡർ ചെയ്ത വിഭവം കൂടിയാണ് ബിരിയാണി. ഓരോ 5.5 ചിക്കൻ ബിരിയാണികൾക്കും ഒരു വെജ് ബിരിയാണി എന്ന അനുപാതത്തിലാണ് ഓർഡർ ലഭിച്ചത്. 2.49 ദശലക്ഷം ഉപയോക്താക്കൾ ബിരിയാണി ഓർഡറുമായി സ്വിഗ്ഗിയിൽ അരങ്ങേറ്റം കുറിച്ചതോടെ ബിരിയാണിയോടുള്ള ഇഷ്ടം വർദ്ധിച്ചതായി റിപ്പോർട്ട് പറയുന്നു. 2023ൽ ഹൈദരാബാദിൽ മാത്രം പ്രതിദിനം 21,000 ബിരിയാണികൾ സ്വിഗ്ഗി വിതരണം ചെയ്തു.


 സൊമാറ്റോയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട രണ്ടാമത്തെ വിഭവമായിരുന്നു പിസ്സ. 2023ൽ 7.45 കോടി ഓർഡറുകളോടെ ബിരിയാണിക്ക് പിന്നാലെ പിസ്സയും ലഭിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. 2023ൽ ബെംഗളുരു സൊമാറ്റോയിൽ ഏറ്റവും കൂടുതൽ പ്രഭാതഭക്ഷണ ഓർഡറുകൾ നൽകിയപ്പോൾ ഡൽഹിയിലാണ് ണ് രാത്രി വൈകി ഓർഡറുകൾ നൽകിയത്. കമ്പനിയുടെ ഈ വർഷത്തെ ഏറ്റവും വലിയ ഓർഡർ ബെംഗളൂരുവിൽ നിന്നാണ്. ഒരു ഉപയോക്താവ് 46,273 രൂപയ്ക്ക് ഒരൊറ്റ ഓർഡർ നൽകിയതായി റിപ്പോർട്ട് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.