ന്യൂഡൽഹി: ബിഹാറിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആർ) ശേഷം പുറത്തിറക്കിയ അന്തിമ വോട്ടർ പട്ടികയിലും ക്രമക്കേട് നടന്നതായി കോൺഗ്രസ്. ഒരു വീട്ടിൽ 247 വോട്ടർമാരുണ്ടെന്നും ഒരേ ബൂത്തിൽ മൂന്നുതവണ ഒരാളുടെ പേര് പ്രത്യക്ഷപ്പെടുന്നുവെന്നും ഹിന്ദി പത്രത്തിലെ വാർത്ത പങ്കുവെച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും രാഷ്ട്രീയ നേട്ടം നൽകുക എന്നതാണ് വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയുടെയും ഏകലക്ഷ്യം എന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ ബിഹാറിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും വരുന്നുണ്ട്.
ഒരു വീട്ടിൽ 247 വോട്ടർമാർ എങ്ങനെ ഉൾപ്പെട്ടുവെന്നും എന്തുകൊണ്ടാണ് ഒരാളുടെ പേര് ഒരേ ബൂത്തിൽ മൂന്നുതവണ പ്രത്യക്ഷപ്പെടുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വിശദീകരിക്കുമോ അതോ പഴയതുപോലെ മൗനം പാലിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ചില നിയമസഭ മണ്ഡലങ്ങളിൽ നീക്കം ചെയ്യപ്പെടുന്ന വോട്ടർമാരുടെ എണ്ണം മുൻ തെരഞ്ഞെടുപ്പുകളിലെ വിജയ മാർജിനേക്കാൾ കൂടുതലാണ് എന്നത് ആശങ്കാജനകമായ കാര്യമാണ്. എസ്.ഐ.ആറിന് ശേഷമുള്ള അന്തിമ വോട്ടർപട്ടികയിലും കണ്ടെത്തിയിട്ടുള്ള അനവധി ക്രമക്കേടുകൾ സുപ്രീം കോടതിയുടെ വ്യക്തമായ ഉത്തരവുകൾ അവഗണിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമീഷൻ രാജ്യത്തിനാകെ അവകാശപ്പെട്ടതാണ്, ഭരണകക്ഷിയുടെ പാവയായി കാണപ്പെടരുത്. ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമീഷൻ പൂർണമായും ലജ്ജയില്ലാത്തവരായി മാറിയിരിക്കുന്നുവെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.