പട്ന: ബിഹാർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആകെയുള്ള 243ൽ 121 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിവരെ 60.13 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിച്ചു. 2020ൽ ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയതിനേക്കാൾ ഉയർന്ന പോളിങ് ശതമാനമാണിത്. 55.68 ആണ് 2020ലെ ആദ്യഘട്ട പോളിങ് ശതമാനം. 67.32 ശതമാനം പോളിങ് രേഖപ്പെടുത്തിയ ബെഗുസരായ് മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടർമാരെത്തിയത്. അന്തിമ കണക്ക് പുറത്തുവരാനുള്ളതിനാൽ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കും.
ഒന്നാം ഘട്ടത്തില്‍ 3.75 കോടി വോട്ടര്‍മാരായിരുന്നു വിധിയെഴുതേണ്ടിയിരുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ചില മണ്ഡലങ്ങളില്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ് നടന്നത്. ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ള ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
ആദ്യഘട്ടത്തിലെ വോട്ടെടുപ്പ് മന്ദഗതിയിലാക്കുക എന്ന ഉദ്ദേശ്യത്തോടെ മഹാഗഡ്ബന്ധൻ സ്വാധീനമുള്ള ബൂത്തുകളിൽ ഇടക്കിടെ വൈദ്യുതി വിച്ഛേദിക്കുന്നുവെന്ന് ആർ.ജെ.ഡി ‘എക്സ്’ പോസ്റ്റിൽ ആരോപിച്ചു. മന്ദഗതിയിലുള്ള വോട്ടെടുപ്പ് മനഃപൂർവമാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ, ഇത്തരം കൃത്രിമത്വം മനസ്സിലാക്കുകയും ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസ് പ്രതികരിച്ചു. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് സുഗമമായി നടക്കുന്നു. വോട്ടെടുപ്പ് പ്രക്രിയ നീതിയുക്തവും സുതാര്യവും തടസ്സമില്ലാത്തതുമാണെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷൻ എല്ലാ സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ഓഫിസ് പറഞ്ഞു.
യുവവോട്ടർമാരെ ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ച പ്രതിപക്ഷ മഹാസഖ്യം, പോളിങ് ശതമാനം ഉയരുന്നത് പ്രതീക്ഷയോടെയാണ് കാണുന്നത്. 2020ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർ.ജെ.ഡിയുടെ തേജസ്വി യാദവിനെയാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്നത്. എല്ലാ കുടുംബത്തിലും ഒരാൾക്ക് സർക്കാർ ജോലി, സ്ത്രീകൾക്ക് പ്രതിമാസ വേതനം എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങളാണ് മഹാസഖ്യം നടത്തിയിട്ടുള്ളത് മറുഭാഗത്ത് തുടർ ഭരണം ലക്ഷ്യമിട്ടാണ് എൻ.ഡി.എ പ്രചാരണം നടത്തിയത്. 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.