വോട്ടർ പട്ടിക ശുദ്ധീകരിക്കാനെന്ന വ്യാജേന പതിറ്റാണ്ടുകളായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരെ പുറന്തള്ളാനാണ് എസ്.ഐ.ആർ (വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം) എന്ന് ബിഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പ് തെളിയിച്ചു. രാജ്യത്ത് എസ്.ഐ.ആർ നടപ്പാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായ ബിഹാറിലെ ഒന്നാംഘട്ടത്തിൽ പോളിങ് ബൂത്തിലെത്തിയ ആയിരങ്ങളാണ് വോട്ട് ചെയ്യാനാകാതെ മടങ്ങിയത്. ഒരു ബൂത്തിൽ തന്നെ പത്തും അമ്പതും പേർ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്നറിഞ്ഞ് മടങ്ങുന്ന കാഴ്ചക്ക് ബിഹാറിലെ 18 ജില്ലകളിലെ 121 നിയമസഭ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ സാക്ഷ്യം വഹിച്ചു.
മക്കൾക്ക് വോട്ടവകാശം നൽകി പിതാവിനെ വെട്ടി
90കളിൽ ശഹാബുദ്ദീൻ എന്ന ആർ.ജെ.ഡി നേതാവ് അടക്കി വാണ സിവാനിൽ ഹരിഹാൻസ് ഗ്രാമത്തിലെ ഉറുദു മധ്യ വിദ്യാലയത്തിലെത്തുമ്പോൾ രാവിലെ 10 മണിയോടെ തന്നെ വോട്ടർമാരുടെ നീണ്ടനിരയാണ്. ശഹാബുദ്ദീന്റെ മകൻ മത്സരിക്കുന്ന രഘുനാഥ്പൂർ നിയമസഭ മണ്ഡലത്തിലെ ആറ് ബൂത്തുകളും ഈ സ്കൂളിലാണ്. എന്നും ശഹാബുദ്ദീനൊപ്പം നിന്നിരുന്ന രാജ്പുത് സമുദായത്തിൽനിന്ന് തന്നെ വികാസ് കുമാർ സിങ്ങിനെ നിതീഷ് കുമാറിന്റെ ജനതാദൾ -യു സ്ഥാനാർഥിയാക്കിയത് മകൻ ഉസാമക്ക് മത്സരം അതികഠിനമാക്കി. ഇതിന്റെ പ്രതിഫലനമാണ് സ്വന്തം വോട്ടുകൾ ഉച്ചക്ക് മുമ്പേ വോട്ടുയന്ത്രത്തിലാക്കാനുള്ള തിരക്ക്.
വോട്ടെടുപ്പ് പ്രവണതയറിയാൻ ആർ.ജെ.ഡിയുടെ ബൂത്തിലെത്തിയപ്പോൾ തന്റെ പേര് വോട്ടർ പട്ടികയിലില്ലെന്ന് മൗലാന മുഈനുദ്ദീൻ ഖാസിമി എന്ന 83 വയസ്സുകാരൻ. കൂടെയുള്ള മകന്റെ പേര് പട്ടികയിലുണ്ട്. അവൻ വോട്ടും ചെയ്തു. ഇതിനിടയിൽ എത്തിയ ബി.എൽ.ഒയോട് വീട്ടിലെ എല്ലാവരുടെയും എസ്.ഐ.ആർ അപേക്ഷകൾ ഒരുമിച്ച് നൽകിയതല്ലേ എന്ന് മകൻ ചോദിക്കുന്നുണ്ട്. അപേക്ഷ കണ്ട ഓർമ തനിക്കുണ്ടെന്ന് ബി.എൽ.ഒ പറഞ്ഞു. എന്നിട്ടും മക്കളുടെ പേര് ഉൾപ്പെടുത്തി പിതാവിനെ കമീഷൻ വെട്ടിമാറ്റിയത് എങ്ങനെയെന്നറിയില്ലെന് ബി.എൽ.ഒയും ആണയിടുന്നു.
വോട്ട് കാണാനില്ലെന്ന് പറഞ്ഞ് ഇന്ന് തന്റെ മുമ്പിലെത്തുന്ന ഈ ബൂത്തിലെ 15ാമത്തെ വോട്ടറാണ് മൗലാനയെന്ന് പഞ്ചായത്ത് മുഖ്യനായ രാജീവ് കുമാർ റാം പറഞ്ഞു. ഓരോ ബൂത്തിലും 10 ഉം 50ഉം പേരെ വെട്ടിയാൽ എത്ര വോട്ടുകൾ ഇല്ലാതാകും? വോട്ടില്ലാതെ മടങ്ങിയവരിലേറെയും സ്ത്രീകളാണെന്ന് ദലിത് സമുദായമായ ചമർ വിഭാഗക്കാരനായ രാജീവ് കുമാർ പറഞ്ഞു. ഈ ബൂത്തിൽ വോട്ടില്ലാതെ മടങ്ങിയവരിൽ ഹിന്ദുക്കളും മുസ്‍ലിംകളുമുണ്ടെന്ന് ആർ.ജെ.ഡി പ്രവർത്തകനായ ഗൗഹർ ഇമാം പറഞ്ഞു. എന്നാൽ, ഹിന്ദുക്കളിൽ ദലിതുകളുടെയും പിന്നാക്കക്കാരുടെയും വോട്ടുകളാണ് വെട്ടിയത്. രാജ്പുത് സമുദായക്കാർ ആരെയും പരാതിയുമായി കണ്ടില്ല.
എസ്.ഐ.ആറിൽ എല്ലാം നൽകിയിട്ടും വോട്ടു വെട്ടി
എന്റെയും ആന്റിയുടെയും വോട്ട് കട്ടുകൊണ്ടുപോയി എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ രോഷം കൊള്ളുകയാണ് പട്ന സദർ മണ്ഡലത്തിലെ സുനിൽ കുമാർ. സ്വന്തം കുടുംബത്തെയും പിതൃസഹോദരിയെയും കൂട്ടി ആഘോഷത്തോടെ 10 വർഷമായി വോട്ടു ചെയ്യുന്ന 47-ാം നമ്പർ ബൂത്തിലെത്തിയതായിരുന്നു. എസ്. ഐ.ആർ ഫോം പൂരിപ്പിച്ച് വാങ്ങിവെച്ചിട്ടാണ് വോട്ട് കട്ടുകൊണ്ടുപോയതെന്ന് സുനിൽ കുറ്റപ്പെടുത്തി.
ഉത്തരീമന്ദിരിലെ ബാപ്പു നഗറിൽ സ്വന്തം വീടും മേൽവിലാസവുമുള്ള താൻ എന്യുമറേഷൻ ഫോം പുതിയ ഫോട്ടോ പതിച്ച് നൽകിയതാണെന്ന് സുനിലിന്റെ പിതൃ സഹോദരി പമ്മീ ദേവി പറഞ്ഞു. എന്നാൽ വോട്ടർ പട്ടികയിൽ തന്റെ പേരിന് നേരെ മറ്റൊരു സ്ത്രീയുടെ ഫോട്ടോ ഒട്ടിച്ചത് കാണിച്ച് തനിക്ക് വോട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്ന് അവർ തുടർന്നു. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെക്കുറിച്ച് പരാതിപ്പെട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഇപ്പോഴല്ലേ അറിയുന്നതെന്നായിരുന്നു പമ്മീ ദേവിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.