ക്രിമിനൽ രാഷ്ട്രീയത്തോട് രാജിയാകാനില്ലെന്നാണ് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന്റെ എക്കാലത്തെയും നിലപാട്. ആ നിലപാടിന്റെ പുറത്താണ് അദ്ദേഹം ആർ.ജെ.ഡി ഭരണത്തെ ‘ജംഗ്ൾരാജ്’ എന്ന് വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണമിപ്പോൾ മോദിയും അമിത് ഷായുമെല്ലാം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് റാലികളിൽ കത്തിക്കയറുമ്പോഴാണ് കഴിഞ്ഞദിവസം മൊകാമ മണ്ഡലത്തിൽ ഒരു രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്.
പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിയുടെ പ്രവർത്തകനായ ധുലാർ ചന്ദ് യാദവ് ആണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് മരിച്ചത്. മണ്ഡലത്തിലെ ജെ.ഡി.യു സ്ഥാനാർഥി ആനന്ദ് സിങ്ങിന്റെ അനുയായികളായിരുന്നു കൊലക്ക് പിന്നിൽ. ലാലു പ്രസാദിന്റെ സ്വന്തക്കാരനായിരുന്ന ആനന്ദ് സിങ് കഴിഞ്ഞതവണത്തെ അവിശ്വാസ പ്രമേയത്തിനിടെയാണ് കൂറുമാറിയത്. നന്ദിസൂചകമായിട്ടാണ് മൊകാമയിൽ അദ്ദേഹത്തിന് സീറ്റ് നൽകിയത്. വലിയ ക്രിമിനൽ പശ്ചാത്തലമുള്ള രാഷ്ട്രീയ നേതാവാണ് ആനന്ദ് സിങ്. 2020ൽ ജയിലിൽനിന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ കൊലപാതക കേസുൾപ്പെടെ 38 ക്രിമിനൽ കേസുകളിൽ അദ്ദേഹം പ്രതിയാണ്.
ക്രിമിനൽ രാഷ്ട്രീയക്കാരെ നിതീഷ് കുമാർ കുടിയിരുത്തിയതിന് വേറെയും ഒരുപാട് ഉദാഹരണങ്ങൾ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെയുണ്ടായി. ആർ.ബി. യാദവിന്റെ കാര്യമെടുക്കാം. 2000-05 കാലത്ത് നവാദയിലെ ആർ.ജെ.ഡി എം.എൽ.എ ആയിരുന്നു അദ്ദേഹം. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളിലകപ്പെട്ട അദ്ദേഹത്തെ 2020ൽ കോടതി ശിക്ഷിച്ചതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതായി. എന്നാൽ, അദ്ദേഹം ഭാര്യ വിഭാദേവിയെ കളത്തിലിറക്കി മണ്ഡലം ആർ.ജെ.ഡിയുടെ വിലാസത്തിൽതന്നെ നിലനിർത്തി.
ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹം ജയിൽ മോചിതനായത്. ഉടൻ അദ്ദേഹം ചെയ്തത് ഭാര്യയെ രാജിവെപ്പിക്കുകയായിരുന്നു. ഇപ്പോൾ മണ്ഡലത്തിൽ ജെ.ഡി.യു സ്ഥാനാർഥി വിഭാ ദേവിയാണ്. ആനന്ദ് സിങ്ങിന്റെയും വിഭാ ദേവിയുടെമെല്ലാം വാർത്തകൾ പുറത്തുവരുമ്പോൾ ജംഗ്ൾരാജ് പ്രയോഗം എൻ.ഡി.എക്ക് തന്നെ തിരിച്ചടിയാകുന്നുണ്ട്. ബിഹാറിൽ മത്സരരംഗത്തുള്ളവരിൽ മൂന്നിലൊന്ന് സ്ഥാനാർഥികളും ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.