പ്രതീകാത്മക ചിത്രം
ഇല്ലാത്ത അധ്യാപകർക്ക് മാസാമാസം ശമ്പളം!; ബിഹാർ വിദ്യാഭ്യാസ വകുപ്പിൽ 1.85 കോടിയുടെ തട്ടിപ്പ്
പട്ന: ബിഹാർ വിദ്യാഭ്യാസ വകുപ്പിൽ വൻ സാമ്പത്തിക ക്രമക്കേട് പുറത്ത്. വകുപ്പിലെ ജീവനക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം (HRMS) പോർട്ടൽ ദുരുപയോഗം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായി ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ട്. അനധികൃതമായി പോർട്ടലിൽ പ്രവേശിക്കൽ, ശമ്പള അലവൻസുകൾ പെരുപ്പിച്ചു കാണിക്കൽ, നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറൽ തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് ഓഡിറ്റിൽ കണ്ടെത്തിയത്.
നവാഡ, ഭഗൽപൂർ, പട്ന എന്നീ മൂന്ന് ജില്ലകളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശമ്പള രേഖകളിൽ കൃത്രിമം കാണിക്കൽ, ഉദ്യോഗസ്ഥരുടെ ലോഗിൻ ഐഡിയും പാസ്വേഡും ദുരുപയോഗം ചെയ്യൽ, നിലവിലില്ലാത്ത അധ്യാപകരെ സൃഷ്ടിച്ച് അവരുടെ പേരിൽ ശമ്പളം തട്ടിയെടുക്കൽ എന്നീ രീതികളാണ് സംഘം സ്വീകരിച്ചത്. ലഭ്യമായ പരാതികളുടെയും പുറത്തുവന്ന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ഏകദേശം 1.85 കോടി രൂപയുടെ ക്രമക്കേടാണ് മൂന്ന് ജില്ലകളിലായി നടന്നിരിക്കുന്നത്.
സംഭവം പുറത്തുവന്നതിന് പിന്നാലെ വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും ശമ്പളം, സർവീസ് ബുക്ക്, സ്ഥലംമാറ്റം, പ്രമോഷൻ തുടങ്ങിയ എല്ലാ വിവരങ്ങളും ഡിജിറ്റലായി സൂക്ഷിക്കുന്ന സംവിധാനമാണ് HRMS പോർട്ടൽ.
ഈ പോർട്ടലിന്റെ സുരക്ഷാ വീഴ്ച മുതലെടുത്താണ് തട്ടിപ്പ്. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ലോഗിൻ ഉപയോഗിച്ചോ മറ്റുള്ളവരുടെ ലോഗിൻ വിവരങ്ങൾ ചോർത്തിയോ പോർട്ടലിൽ പ്രവേശിച്ച് ശമ്പള വിവരങ്ങൾ തിരുത്തി. രണ്ട് പ്രധാന രീതികളാണ് ഇവർ സ്വീകരിച്ചത്. നിലവിലില്ലാത്ത അധ്യാപകരുടെ പേരിൽ വ്യാജ ഐഡികൾ സൃഷ്ടിച്ച്, അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് ശമ്പളം മാസാമാസം കൈപ്പറ്റുക. നിലവിലുള്ള അധ്യാപകരുടെ ശമ്പളത്തിലെ വീട്ടുവാടക അലവൻസ്, യാത്രാ അലവൻസ് തുടങ്ങിയവയിൽ കൃത്രിമം കാണിച്ച് തുക വർധിപ്പിച്ച്, അധിക തുക തട്ടിയെടുക്കുക.
ആഭ്യന്തര ഓഡിറ്റിനിടെ ചില ജില്ലകളിലെ ശമ്പള വിതരണത്തിൽ അസ്വാഭാവിക വർധന ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിശദമായ പരിശോധന നടത്തിയതും തട്ടിപ്പ് പുറത്തുവന്നതും. ബിഹാർ വിദ്യാഭ്യാസ വകുപ്പിൽ നേരത്തെയും സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സാങ്കേതിക സംവിധാനത്തെ തന്നെ ദുരുപയോഗം ചെയ്തുള്ള ഈ തട്ടിപ്പ് വകുപ്പിന്റെ വിശ്വാസ്യതയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലകളിലും HRMS പോർട്ടലിൽ സമഗ്ര ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.