ആർഎസ്എസ് കോട്ടയായ നാഗ്പൂരിൽ ബിജെപി തോറ്റു തുന്നംപാടി; കോൺഗ്രസിന് ഉജ്ജ്വല ജയം

നാഗ്പൂർ: മോദിയുടെ വാരണാസിയിലെ തോൽവിക്ക് പിന്നാലെ ആർഎസ്എസിന്റെ കോട്ടയായ നാഗ്പൂരിലും ദയനീയമായി തോറ്റ് ബി.ജെ.പി. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ തറപറ്റിച്ച് കോൺഗ്രസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി.

58 വർഷമായി ബി.ജെ.പി ജയിച്ചുകൊണ്ടിരുന്ന നാഗ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത്ത് ഗോവിന്ദ റാവു വഞ്ചരി തുടർച്ചയായി രണ്ടാം തവണയാണ് വിജയിക്കുന്നത്. കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രിയും ബി.ജെ.പിയും രംഗത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് ഈ വിജയവിവരം പുറത്തുവന്നത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു മുന്നിട്ടുനിന്നിരുന്നത്. എന്നാൽ രണ്ടാം ഘട്ട വോട്ടെണ്ണലിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ അഭിജിത്ത് വഞ്ചരി വിജയം ഉറപ്പിക്കുകയായിരുന്നു. മുൻ എം.എൽ.എയുടെ മകൻ കൂടിയായ അഭിജിത്ത്, ബി.ജെ.പി ആധിപത്യം തകർത്ത് 2020-ലാണ് ആദ്യമായി ഈ സീറ്റ് കോൺഗ്രസിനായി പിടിച്ചെടുക്കുന്നത്.

ആർ.എസ്.എസിന്റെയും മുതിർന്ന കേന്ദ്രമന്ത്രിമാരുടെയും സ്വാധീനമേഖലയായ നാഗ്പൂറിലും വാരണാസിയിലും നേരിട്ട തിരിച്ചടി ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ആക്ഷേപങ്ങൾക്കുള്ള കൃത്യമായ മറുപടിയായാണ് കോൺഗ്രസ് പ്രവർത്തകർ ഈ വിജയത്തെ കാണുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ഈ വിജയം വൻ ഊർജ്ജവും ആത്മവിശ്വാസവും നൽകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ.

മൂന്ന് സീറ്റിലും ബി.ജെ.പി സഖ്യത്തിന് തിരിച്ചടി

മഹാരാഷ്ട്ര നിയമസഭ കൗൺസിലിലെ അഞ്ച് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വൻ തിരിച്ചടിയാണ് നേരിട്ടത്. പ്രതിപക്ഷമായ മഹാവികാസ് അഘാഡി മൂന്ന് സീറ്റുകളിൽ വിജയിച്ചപ്പോൾ ഭരണസഖ്യത്തിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മത്സരിച്ച മൂന്ന് സീറ്റുകളിൽ ഒന്നിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. സഖ്യകക്ഷിയായ ശിവസേന രണ്ട് സീറ്റുകളിൽ മത്സരിച്ച് ഒന്നിൽ വിജയിച്ചു. പ്രതിപക്ഷത്ത് ശരദ് പവാർ വിഭാഗം എൻ.സി.പി മത്സരിച്ച രണ്ട് സീറ്റുകളും നേടിയപ്പോൾ കോൺഗ്രസ് ഒരു സീറ്റിൽ വിജയിച്ചു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സ്വന്തം നാടും ആർ.എസ്.എസ് ആസ്ഥാനവുമായ നാഗ്പൂരിലേറ്റ പരാജയമാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായത്. നാഗ്പൂർ ബിരുദധാരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അഭിജിത്ത് ഗോവിന്ദ റാവു വഞ്ചരി ബി.ജെ.പിയുടെ സുധാകർ കൊഹാലെയെ പരാജയപ്പെടുത്തി. 3271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വഞ്ചരിയുടെ വിജയം. വഞ്ചരി 67,231 വോട്ടും കൊഹാലെ 63,960 വോട്ടും നേടി.

നാൽപത് മണിക്കൂറിലേറെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് നാഗ്പൂരിലെ ഫലം പുറത്തുവന്നത്. ആദ്യ മുൻഗണന വോട്ടുകളുടെ എണ്ണലിൽ ബി.ജെ.പി സ്ഥാനാർഥി മുന്നിലെത്തിയെങ്കിലും ആവശ്യമായ വോട്ട് നേടാൻ ആർക്കും കഴിഞ്ഞില്ല. തുടർന്ന് മറ്റു സ്ഥാനാർഥികളുടെ വോട്ടുകളിലെ മുൻഗണനാക്രമം പരിഗണിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാർഥി നിതേഷ് കരാലെയ്ക്ക് ലഭിച്ച വോട്ടുകളിലെ മുൻഗണനകൾ അന്തിമഫലത്തിൽ നിർണായകമായി.

പരിഹാസ പോസ്റ്റ് പിൻവലിച്ച് ഫഡ്നാവിസ്

അതേസമയം, വോട്ടെണ്ണൽ പൂർത്തിയാകുംമുമ്പ് കോൺഗ്രസിനെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പിന്നീട് അത് പിൻവലിക്കേണ്ടിവന്നു. നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വട്ടപ്പൂജ്യമാണ് ലഭിച്ചതെന്നായിരുന്നു ഫഡ്നാവിസിന്റെ പരിഹാസം. എന്നാൽ, പിന്നാലെ നാഗ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചതോടെ അദ്ദേഹം പോസ്റ്റ് നീക്കം ചെയ്തു. ഇതിനെതിരെ പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.

പുണെ ബിരുദധാരി മണ്ഡലത്തിൽ ശരദ് പവാർ വിഭാഗം എൻ.സി.പിയുടെ ഹർഷദ ദേശ്മുഖ് ബി.ജെ.പിയുടെ സ്മിത ജാദവിനെ പരാജയപ്പെടുത്തി. പുണെ അധ്യാപക മണ്ഡലത്തിൽ ബി.ജെ.പിയുടെ കൗസ്തുഭ് ഗവാഡെ സ്വതന്ത്ര സ്ഥാനാർഥി സച്ചിൻ സനാപിനെ തോൽപിച്ചു.

ഛത്രപതി സംഭാജിനഗർ ബിരുദധാരി മണ്ഡലത്തിൽ ശരദ് പവാർ വിഭാഗം എൻ.സി.പിയുടെ ഡോ. പ്രതാപ്സിങ് പാട്ടീൽ വിജയിച്ചു. സിറ്റിങ് എം.എൽ.സിയായ എൻ.സി.പി നേതാവ് സതീഷ് ചവാനും ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി ദിലീപ് ഘുഘെയുമാണ് പരാജയപ്പെട്ടത്. മണ്ഡലത്തിലെ തോൽവിക്കുപിന്നാലെ പാർട്ടിയുടെ സംഘടനാശക്തി വർധിപ്പിക്കാൻ ആത്മപരിശോധന ആവശ്യമാണെന്ന് എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ പ്രതികരിച്ചു.

അമരാവതി അധ്യാപക മണ്ഡലത്തിൽ ശിവസേനയുടെ കിരൺ സർനായിക് കോൺഗ്രസ് സ്ഥാനാർഥി അദിതി പൊഹാരെയെയും ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥിയെയും പരാജയപ്പെടുത്തി.

പുണെ ബിരുദധാരി, അധ്യാപക മണ്ഡലങ്ങൾ, നാഗ്പൂർ ബിരുദധാരി, ഛത്രപതി സംഭാജിനഗർ ബിരുദധാരി, അമരാവതി അധ്യാപക മണ്ഡലം എന്നിവിടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. അഞ്ച് സീറ്റുകളിലായി 182 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Tags:    
News Summary - BJP suffers setback in Nagpur as Congress wins MLC seat on Fadnavis and RSS home turf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.