ജൗഹർ സർവകലാശാലയുടെ 1,170 കോടി രൂപ മൂല്യമുള്ള ഭൂമിയും കെട്ടിടവും ഇ.ഡി കണ്ടുകെട്ടി
ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് അഅ്സം ഖാൻ സ്ഥാപിച്ച ഉത്തർ പ്രദേശിലെ മുഹമ്മദലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഏകദേശം 1,170 കോടി രൂപ വിപണി മൂല്യമുള്ള സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കണ്ടുകെട്ടിയത്.
തുടക്കം കുറിച്ചിട്ട് രണ്ട് പതിറ്റാണ്ടുകള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും, രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ നിര്‍ണായക മുദ്രപതിപ്പിക്കാന്‍ കഴിഞ്ഞ സ്ഥാപനത്തെ ബി.ജെ.പി ഭരണകൂടം വേട്ടയാടുകയാണെന്ന് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും ആരോപിച്ചു. സർവകലാശാലയുടെ 40 കെട്ടിടങ്ങളിൽ 38ഉം പൊളിച്ചുനീക്കാൻ മാസങ്ങൾക്ക് മുമ്പ് രാംപൂർ വികസന അതോറിറ്റി ഉത്തരവിട്ടിരുന്നു. ആവശ്യമായ അനുമതികളില്ലാതെയാണ് കെട്ടിടങ്ങൾ നിർമിച്ചതെന്നാണ് അധികൃതർ ആരോപിക്കുന്നത്.
രാംപൂരിലെ സിംഗൻഖേര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കാമ്പസ് 2024 സെപ്റ്റംബർ 27നുമുമ്പ് രാംപൂർ വികസന അതോറിറ്റിയുടെ പരിധിയിൽ വരുന്നതല്ലെന്നും അതിനാൽ കെട്ടിടങ്ങൾ നിർമിച്ച സമയത്ത് ആർ.ഡി.എയിൽ നിന്നുള്ള അനുമതി ആവശ്യമില്ലായിരുന്നുവെന്നുമാണ് സർവകലാശാലയുടെ വാദം. കേസിൽ അന്തിമവാദം കേൾക്കുന്നതുവരെ പൊളിക്കൽ തടഞ്ഞ് കോടതി ഉത്തരവുണ്ട്.
ആഗസ്റ്റിൽ ഇ.ഡി സർവകലാശാലയിൽ റെയ്ഡ് നടത്തിയിരുന്നു. നിലവില്‍ വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്ന 77 കാരനായ അഅ്സം ഖാന്‍, ബി.ജെ.പി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ്. സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഖിലാഫത്ത് പ്രസ്ഥാന നേതാവുമായ മൗലാന മുഹമ്മദ് അലി ജൗഹറിന്റെ ഓര്‍മക്കായി 2006ലാണ് ഉത്തർ പ്രദേശിലെ രാംപൂരിൽ സര്‍വകലാശാല സ്ഥാപിച്ചത്. അഅ്സം ഖാൻ സ്ഥാപിച്ചതും നിയന്ത്രിക്കുന്നതുമായ മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിന്റെ പേരിലാണ് വസ്തുക്കൾ. അഅ്സം ഖാൻ സർവകലാശാലയുടെ ഓണററി ചാൻസലറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.