'100% ഗോതമ്പ്' എന്ന് വ്യാജ പരസ്യം നൽകി ഉപഭോക്താക്കളെ കബളിപ്പിച്ചു; 'സൺറൈസ് ഫുഡ്സി'ന് ഒരു ലക്ഷം രൂപ പിഴ

നമ്മൾ വിപണിയിൽ നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കൾ എത്രത്തോളം ശുദ്ധവും ആരോഗ്യകരവുമാണെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്. പ്രത്യേകിച്ച് ആരോഗ്യത്തെ ഏറെ ഗൗരവത്തോടെ കാണുന്നവർ. ബ്രെഡുകൾ തെറഞ്ഞെടുക്കുമ്പോൾ '100% ഗോതമ്പ്' എന്ന് ലേബൽ ഒട്ടിച്ചിരിക്കുന്ന പ്രത്യേകം നോക്കിയെടുക്കാനാണ് ആളുകൾ ശ്രദ്ധിക്കാറ്. എന്നാൽ ഇത്തരത്തിലുള്ള ആകർഷകമായ പരസ്യങ്ങളും വാഗ്ദാനങ്ങളും പൂർണമായും വിശ്വസനീയമല്ലെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

'100% മുഴുവൻ ഗോതമ്പ് കൊണ്ടുണ്ടാക്കിയ ബ്രെഡ്' (100% Whole Wheat Bread) എന്ന് തെറ്റായ അവകാശവാദം ഉന്നയിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ചതിന് പ്രമുഖ ഭക്ഷ്യബ്രാൻഡായ ‘സൺറൈസ് ഫുഡ്സ്’ കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. വിപണിയിലെ വ്യാജ പരസ്യപ്രചാരണങ്ങൾക്കെതിരെ അതോറിറ്റി എത്രത്തോളം കർശന നിലപാടാണ് സ്വീകരിക്കുന്നതെന്നതിന്റെ മികച്ച ഉദാഹരണമാണിത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം വിപണിയിൽ വിൽക്കുന്ന ഒരു ബ്രെഡ് 'മുഴുവൻ ഗോതമ്പ് ബ്രെഡ്' എന്ന് വിളിക്കപ്പെടണമെങ്കിൽ അതിൽ കുറഞ്ഞത് 75 ശതമാനമെങ്കിലും ഗോതമ്പ് പൊടി അടങ്ങിയിരിക്കണം. എന്നാൽ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ സൺറൈസ് ഫുഡ്സിന്റെ ഈ ബ്രെഡിൽ യഥാർത്ഥത്തിൽ അടങ്ങിയിരുന്നത് വെറും 64 ശതമാനം ഗോതമ്പ് മാത്രമാണെന്ന് കണ്ടെത്തി. യാതൊരുവിധ അടിസ്ഥാനവുമില്ലാതെയാണ് കമ്പനി പായ്ക്കറ്റുകളിൽ '100%' എന്ന് രേഖപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത്.

മാളുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വലിയ രീതിയിൽ വിറ്റഴിക്കപ്പെട്ടിരുന്ന ഈ ഉൽപന്നം ലക്ഷക്കണക്കിന് ആളുകളാണ് വാങ്ങി ഉപയോഗിച്ചത്. ഉപഭോക്താക്കൾ വലിയ വില നൽകി വാങ്ങുന്ന ഭക്ഷണത്തിന്റെ യഥാർത്ഥ ചേരുവകളും ഗുണനിലവാരവും അറിയാനുള്ള അവകാശത്തെയാണ് ഇത്തരം പ്രവൃത്തികൾ ഹനിക്കുന്നത്. ഒക്ടോബർ 28-ലെ ഉത്തരവനുസരിച്ച് പ്രിന്റ്-ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമുള്ള ഇത്തരം തെറ്റായ പരസ്യങ്ങൾ ഉടൻ പിൻവലിക്കണമെന്നും 15 ദിവസത്തിനകം കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്പനിക്ക് അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Sunrise Foods fined Rs 1 lakh for misleading consumers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.