പ്രതിപക്ഷ ഐക്യം: നേതാക്കളുടെ യോഗം 18ന് പാട്നയിൽ നടന്നേക്കും

ന്യൂഡൽഹി: അടുത്തവർഷം നടക്കാനിരിക്കുന്ന പാർലമന്റെ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒന്നിച്ചുനിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പ്രതിപക്ഷ നേതാക്കളുടെ നിർണായക യോഗം മെയ് മൂന്നാം വാരത്തിൽ പട്‌നയിൽ നടന്നേക്കും. 17നോ 18നോ പാട്നയിൽ യോഗം ചേർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു കൂട്ടാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ഉടൻ യോഗം നടക്കുമെന്ന് നേരത്തെ തന്നെ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

എൻ.സി.പി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച ശരദ് പവാറും ശിവസേന (യു.ബി.ടി) മേധാവി ഉദ്ധവ് ഉദ്ധവ് താക്കറെയും യോഗത്തിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചതായാണ് വിവരം. ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനും ജെ.ഡി.യു നേതാവുമായ ദേവേഷ് ചന്ദ്ര താക്കൂർ വ്യാഴാഴ്ച മുംബൈയിലെത്തി ഇരു നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി (എസ്‌.പി) നേതാവ് അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ , ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ മാസം ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും അവർ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.

Tags:    
News Summary - big Oppn meet likely on May 18 in Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.