ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുക്കെ മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടിക്ക് രാജിക്കത്ത് നൽകി. പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാന യൂണിറ്റിൽ തനിക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്നും അദ്ദേഹം കോൺഗ്രസിന് അയച്ച കത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന്, ഒരു പാർട്ടിയും തനിക്ക് "ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ബോറ മറുപടി നൽകിയത്.
"ഇന്ന് രാവിലെ 8 മണിക്ക് ഞാൻ എന്റെ രാജി കത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് അയച്ചു. എന്തുകൊണ്ടാണ് ഞാൻ ഈ നിലപാട് സ്വീകരിക്കാൻ നിർബന്ധിതനായതെന്ന് വിശദമായി കത്തിൽ എഴുതിയിട്ടുണ്ട്. ഇത് വ്യക്തിപരമായ തീരുമാനമല്ല. ഞാൻ പാർട്ടിക്ക് 32 വർഷം നൽകി. 1994 ൽ പാർട്ടിയിൽ ചേർന്നു. ഇത് കേവലം വ്യക്തിപരമായ തീരുമാനമല്ല, മറിച്ച് പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ്. അതുകൊണ്ടാണ് ഞാൻ എല്ലാം വിശദമായി കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചത്," ബോറ മാധ്യമങ്ങളോട് പറഞ്ഞു.
2021 മുതൽ 2025 വരെ അസം കോൺഗ്രസ് യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു ബോറ. കഴിഞ്ഞ വർഷമാണ് ഗൗരവ് ഗൊഗോയ് ആ സ്ഥാനത്തേക്ക് നിയമിതനായത്. അസമിൽ രണ്ടുതവണ നിയമസഭാംഗമായിരുന്നു.
മാർച്ച്-ഏപ്രിൽ മാസത്തോടു കൂടി നടക്കാൻ പോകുന്ന നിയമ സഭാ തെരഞ്ഞെടുപ്പ് നേരിടുന്നതിന് വിവിധ പാർട്ടികളുമായി സഖ്യം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. നിലവിൽ ഭരണ പക്ഷത്തുള്ള ബി.ജെ.പിക്ക് 126 സീറ്റുള്ള നിയമസഭയിൽ 64 സീറ്റുകളാണുള്ളത്. സഖ്യ കക്ഷികളായ ഒമ്പത് എം.എൽ.എ മാരും, യു.പി.പി.എല്ലിന് ഏഴും ബി.പി.എഫിന് 26ഉം എം.എൽ.എ മാരുണ്ട്. പ്രതിപക്ഷമായ കോൺഗ്രസിന് 26 അംഗങ്ങളും എ.ഐ.യു.ഡി.എഫിന് 15ഉം സി.പി.ഐ(എം)ന് ഒന്നും വീതം അംഗങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.