ഭോപാല്‍: ഭോപാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലിലൂടെ  വധിച്ചുവെന്ന മധ്യപ്രദേശ് സര്‍ക്കാറിന്‍െറയും പൊലീസിന്‍െറയും വിശദീകരണങ്ങളെ പൊളിച്ചടുക്കി പ്രമുഖ അഭിഭാഷകന്‍ പര്‍വേസ് ആലം രംഗത്ത്. കൊല്ലപ്പെട്ട എട്ടുപേര്‍ നേരത്തേ പ്രതികളായ കേസില്‍ അവര്‍ക്കായി കോടതിയില്‍ ഹാജരായവരില്‍ ഒരാളാണ് പര്‍വേസ്. കൊല്ലപ്പെട്ട എട്ടുപേരെയും വ്യത്യസ്ത കെട്ടിടങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നത്. അവരെ പരസ്പരം കാണാന്‍പോലും സമ്മതിച്ചിരുന്നില്ല. വെള്ളിയാഴ്ച പ്രാര്‍ഥന ഒന്നിച്ച് നിര്‍വഹിക്കാനും അനുവാദമുണ്ടായിരുന്നില്ല. ഇവര്‍ ഒന്നിച്ച് ജയില്‍ ചാടുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.

എന്നാല്‍, ജയിലധികൃതര്‍ പറയുന്നത് ഇവര്‍ ഒരു കെട്ടിടത്തില്‍തന്നെയായിരുന്നെന്നാണ്. ആ വാദം തെളിയിക്കാന്‍ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ പറയുന്നത് ജയില്‍ കാമറകള്‍ കേടായി എന്നാണ്. ഈ വാദത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

32 അടി ഉയരമുള്ള ജയില്‍മതില്‍ ചാടിയാണ് എട്ടുപേര്‍ രക്ഷപ്പെട്ടതെന്ന വാദം ആരെയും അദ്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അതീവ സുരക്ഷാസംവിധാനങ്ങളുള്ള ഒരിടത്തുനിന്ന് ആര്‍ക്കും എളുപ്പത്തില്‍ രക്ഷപ്പെടുക സാധ്യമല്ല. ഇനി ഇത്രയും ഉയരത്തില്‍ എട്ടുപേര്‍ ഒന്നിച്ചു കയറുമ്പോള്‍ അവിടെ ശബ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്. പക്ഷേ, ജയില്‍ ഗാര്‍ഡുകളൊന്നും അത് അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

ടൂത്ത് ബ്രഷ് ഉപയോഗിച്ചാണ് ജയില്‍ മുറിയുടെ പൂട്ട് പൊളിച്ചതെന്ന വാദവും വിശ്വസിക്കാന്‍ കഴിയില്ല. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റുള്ള ജയില്‍പൂട്ടുകള്‍ കേവലം ബ്രഷുകൊണ്ട് ഭേദിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാറും പൊലീസും കള്ളംപറയുകയാണ്. ഇത് ഏറ്റുമുട്ടലല്ല, മറിച്ച് അറുകൊലയാണ്. സാഹചര്യ തെളിവുകള്‍ അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2011-13 കാലത്തായി ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതിചേര്‍ക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സിമി പ്രവര്‍ത്തകരാണെന്നത് ആരോപണം മാത്രമാണ്. ഈ ആരോപണത്തിന്‍െറ പേരില്‍ മാത്രം ഇവര്‍ വേട്ടയാടപ്പെടുകയായിരുന്നു. അവര്‍ക്കായി കോടതിയില്‍ ഹാജരാകാന്‍പോലും പലരും തയാറായില്ല. താന്‍ ഏറ്റെടുത്ത ഇത്തരം കേസുകളില്‍ 90 ശതമാനത്തിലും പ്രതികളെ തെളിവില്ലാത്തതിനാല്‍ വെറുതെ വിടുകയായിരുന്നു. ഇവരുടെ കാര്യത്തിലും അതുതന്നെയായിരുന്നു സംഭവിക്കുക. എന്നാല്‍, അവര്‍ മോചിതരാകുമെന്ന ഘട്ടത്തില്‍ അവരെ പൈശാചികമായി കൊലപ്പെടുത്തി.

അധികാരികളും അഭിഭാഷകരും പൊലീസ് ഭാഷ്യത്തില്‍തന്നെ തൃപ്തരാണ്. എന്നാല്‍, വിശദീകരണങ്ങളിലെ വൈരുധ്യങ്ങള്‍ ആരും ചോദ്യംചെയ്യുന്നില്ല. പൊലീസും എ.ടി.എസും നല്‍കുന്ന വിശദീകരണത്തില്‍ വൈരുധ്യമുണ്ട്. കൊല്ലപ്പെട്ടവര്‍ക്ക് ഇത്ര എളുപ്പം എങ്ങനെ നല്ല വസ്ത്രങ്ങള്‍ ലഭിച്ചുവെന്നതിനും കൃത്യമായ മറുപടിയില്ല. അവരുടെ കൈയില്‍ ആയുധമുണ്ടായിരുന്നെന്ന് പറയുന്നു.

അതിനൊന്നും വ്യക്തമായ തെളിവില്ല. നിരായുധരായ അവരെ പൊലീസ് വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു  -അദ്ദേഹം പറഞ്ഞു

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഹൈകോടതിയിലേക്ക്; സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം

 ഭോപാലില്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് കൊലപ്പെടുത്തിയ സംഭവം കോടതി കയറുന്നു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മധ്യപ്രദേശ് ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. പ്രമുഖ അഭിഭാഷകന്‍ പര്‍വേസ് ആലം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പൊലീസ് വിശദീകരണത്തില്‍ നിരവധി വൈരുധ്യങ്ങളുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണിതെന്നതില്‍ സംശയമില്ല. അതുകൊണ്ട് ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള ശ്രമം നടത്തും. അതിന്‍െറ ആദ്യപടിയായാണ് ഹൈകോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ തന്നെ സമീപിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - bhopal encounterbhopal encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.