പൊലീസിനെ കുരുക്കി കൂടുതല്‍ വിഡിയോ രംഗങ്ങള്‍

ന്യൂഡല്‍ഹി: ഭോപാലിലെ വ്യാജ ഏറ്റുമുട്ടല്‍ കൂട്ടക്കൊലയില്‍ ബി.ജെ.പി സര്‍ക്കാറിനെയും പൊലീസിനെയും കുരുക്കിലാക്കുന്ന കൂടുതല്‍ വിശദാംശങ്ങളോടെ വിഡിയോ ചിത്രങ്ങള്‍ പുറത്തുവന്നു. അതേസമയം, തടവുകാര്‍ പൊലീസിനോട് ഏറ്റുമുട്ടുന്നതിന്‍െറ നേരിയ സൂചനയെങ്കിലും നല്‍കുന്ന തെളിവുദൃശ്യങ്ങള്‍ നല്‍കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

സംഭവചിത്രങ്ങള്‍ വിശദീകരിക്കുന്ന മൂന്നു വിധത്തിലുള്ള വിഡിയോ ദൃശ്യങ്ങളാണ് ഇതിനകം പുറത്തുവന്നത്. വെടിവെച്ച് നിലത്തിട്ടിരിക്കുന്നവരില്‍ ജീവന്‍ ബാക്കിനിന്നവര്‍ക്കു നേരെ മൂന്നുവട്ടം തൊട്ടടുത്തുനിന്ന് പൊലീസ് വെടിവെക്കുന്നതിന്‍െറ വിഡിയോ ആണ് ഒടുവിലത്തേത്. മൊബൈലില്‍ രംഗം പകര്‍ത്തിയ ആരെയോ പൊലീസ് വിലക്കുന്നതും കാണാം. ഇതിനകം പുറത്തുവന്ന വിഡിയോകള്‍ പ്രകാരം, വെടികൊണ്ട് നിലത്ത് മൃതപ്രായനായി കിടന്നയാള്‍ ഇടംകൈ അനക്കുന്നത് കണ്ടപ്പോള്‍ പൊലീസ് വെടിവെക്കുന്നുണ്ട്. മൂന്നുവട്ടം വെടി പൊട്ടുന്ന ഒച്ച കേള്‍ക്കാന്‍ കഴിയുന്നുണ്ട്. അഞ്ചുപേര്‍ കീഴടങ്ങാന്‍ തയാറെന്ന മട്ടില്‍ ഒരു പാറപ്പുറത്ത് നിന്നുകൊണ്ട് കൈയുയര്‍ത്തുന്ന രംഗമുണ്ട്. മറ്റ് മൂന്നുപേര്‍ രക്ഷപ്പെടാന്‍ നോക്കുകയാണെന്നും എല്ലാവരെയും വളഞ്ഞുപിടിക്കാന്‍ വയര്‍ലെസ് സെറ്റിലൂടെ നിര്‍ദേശിക്കുന്നതും കേള്‍ക്കാം.

പ്ളാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ കത്തി പോലൊന്ന് മറ്റൊരു മൃതദേഹത്തിന്‍െറ ബെല്‍റ്റില്‍നിന്ന് എടുക്കുന്നതും തിരികെ വെക്കുന്നതും കാണിക്കുന്നുണ്ട്. ഇത് നിലത്തുകിടന്നയാളെ പോയന്‍റ് ബ്ളാങ്കില്‍ പൊലീസ് വെടിവെക്കുന്ന വിഡിയോയില്‍ തന്നെയാണ്. ആറു മൃതദേഹങ്ങള്‍ ഒരു നിരയിലും മറ്റു രണ്ടുപേരുടേത് തൊട്ടു താഴെയുമായി പാറപ്രദേശത്ത് അടുത്തടുത്ത് കിടക്കുന്നു. മരിച്ചവര്‍ക്കും മരണാസന്നരായവര്‍ക്കുമിടയിലാണ് പൊലീസിന്‍െറയും മറ്റും ബഹളം.അതിസുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു കാവല്‍ക്കാരെ പരിക്കേല്‍പിച്ച് നൂറു കണക്കിന് മറ്റുള്ളവരെയും രണ്ട് വാച്ച്ടവറുകളിലുള്ളവരെയും വെട്ടിച്ച് എട്ടു തടവുകാര്‍ 30 മീറ്റര്‍ വരെ പൊക്കമുള്ള മതിലുകള്‍ ചാടിക്കടന്ന് രക്ഷപ്പെട്ടെന്ന അവിശ്വസനീയ വിവരണത്തിനൊപ്പമാണ് വ്യാജ ഏറ്റുമുട്ടലിന്‍െറ വിഡിയോ ചിത്രങ്ങള്‍ പുറത്തുവന്നത്.

ജയിലില്‍ വെവ്വേറെ സെല്ലുകളില്‍ കഴിഞ്ഞിരുന്നവര്‍ ഒത്തൊരുമിച്ച് ജയില്‍ചാട്ട പദ്ധതി തയാറാക്കി കൂട്ടത്തോടെ പുറത്തുകടന്നതെങ്ങനെയെന്ന സംശയങ്ങള്‍ക്കും പൊലീസോ സര്‍ക്കാറോ മറുപടി നല്‍കുന്നില്ല. ചാടിക്കടന്നവര്‍ക്ക് ജീന്‍സ് മുതല്‍ തോക്കുവരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞെന്നു പറയുന്ന പൊലീസ്, എങ്കില്‍ രക്ഷപ്പെടാന്‍ ഒരു വാഹനം അവര്‍ സംഘടിപ്പിക്കുമായിരുന്നില്ളേ എന്ന ചോദ്യത്തിനും മറുപടി നല്‍കുന്നില്ല. കൊല്ലപ്പെട്ടവരുടെ തലയിലും നെഞ്ചിലും എന്തുകൊണ്ട് വെടിയേറ്റുവെന്ന ചോദ്യത്തിനുമില്ല ഉത്തരം. ഇതൊന്നും കണക്കിലെടുത്ത് അന്വേഷണം നടത്താനാവില്ളെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട്.
 

Full View
Tags:    
News Summary - bhopal encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.