ഏറ്റുമുട്ടല്‍ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല –മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: ജയില്‍ ചാടിയ എട്ടു സിമി പ്രവര്‍ത്തകര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്‍െറയും ആക്ടിവിസ്റ്റുകളുടെയും ചോദ്യങ്ങളെ തള്ളി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്. ഏറ്റുമുട്ടലിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ളെന്ന് പറഞ്ഞ അദ്ദേഹം, ജയില്‍ ചാടിയ തടവുകാരുടെ ആക്രമണത്തിന് പൊലീസ് തിരിച്ചടി നല്‍കുകയായിരുന്നുവെന്ന് ആവര്‍ത്തിച്ചു.

എന്നാല്‍, ജയില്‍ സുരക്ഷയില്‍ കാര്യമായ വീഴ്ച സംഭവിച്ചതായി അദ്ദേഹം സമ്മതിച്ചു. ഇതുസംബന്ധിച്ചു മാത്രമായിരിക്കും എന്‍.ഐ.എ അന്വേഷിക്കുകയെന്നും അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

രണ്ടോ മൂന്നോ മാസത്തെ ആസൂത്രണമില്ലാതെ ഇങ്ങനെയൊരു ജയില്‍ ചാട്ടം സാധ്യമല്ളെന്ന് മന്ത്രി പറഞ്ഞു. ഇതിന് ജയില്‍ ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടോ എന്ന് പരിശോധിക്കും. കൊല്ലപ്പെട്ടവരെ ഒരേ ബ്ളോക്കില്‍ തന്നെയാണ് പാര്‍പ്പിച്ചിരുന്നതെന്ന പൊലീസ് വാദം മന്ത്രിയും ആവര്‍ത്തിച്ചു. ആറ് സബ് ബ്ളോക്കുകളുള്ള ബി ബ്ളോക്കിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.

ഇവര്‍ വിചാരണ തടവുകാരായതിനാല്‍ ജയില്‍ വസ്ത്രങ്ങള്‍ നല്‍കിയിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഇതേ ബ്ളോക്കിലെ മറ്റു ഒമ്പത് സിമി പ്രവര്‍ത്തകര്‍ എന്തുകൊണ്ട് ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചില്ളെന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ ഉത്തരം നല്‍കിയില്ല. അവരുടെ പദ്ധതി പൂര്‍ണമായും വിജയിക്കാത്തതുകൊണ്ടാവും അങ്ങനെ സംഭവിച്ചതെന്നായിരുന്നു ഈ ചോദ്യത്തിനുള്ള മറുപടി.

കൊല്ലപ്പെട്ടവരില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് പ്രദേശവാസികളില്‍നിന്ന് സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് ഭൂപേന്ദ്ര പറഞ്ഞു. ജയിലിനകത്ത് സി.സി.ടി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി.

Tags:    
News Summary - bhopal encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.