ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ യൂനിവേഴ്സിറ്റി' എന്നാക്കാൻ തീരുമാനം

ഭോപ്പാൽ: മധ്യപ്രദേശിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റാൻ തീരുമാനം. 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാനുള്ള നിർദേശത്തിന് കഴിഞ്ഞദിവസം ചേർന്ന പ്രത്യേക എക്സിക്യൂട്ടിവ് കൗൺസിൽ യോഗം അംഗീകാരം നൽകി. ഈ ശുപാർശ അന്തിമ അനുമതിക്കായി ഗവർണറും ചാൻസലറുമായ മംഗുഭായ് സി. പട്ടേലിന് കൈമാറിയിട്ടുണ്ട്.

പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെ ഉയർത്തിപ്പിടിക്കാനും 11ാം നൂറ്റാണ്ടിലെ പാർമർ രാജാവായിരുന്ന രാജാ ഭോജിന്റെ ബൗദ്ധിക സംഭാവനകളെ ആദരിക്കാനുമാണ് ഈ പേരുമാറ്റമെന്ന് സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ബി. സിങ്ങിന്റെ അവകാശവാദം. എന്നാൽ, സ്വാതന്ത്ര്യസമര സേനാനിയുടെ പേര് മാറ്റുന്നത് ഉചിതമല്ലെന്നും പുതിയ പേരിൽ മറ്റൊരു സർവകലാശാല സ്ഥാപിക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഇ.സി അംഗം പ്രൊഫ. താഹിറ അബ്ബാസി യോഗത്തിൽ ഇതിനെ ശക്തമായി എതിർത്തു.

തീരുമാനം വലിയ രാഷ്ട്രീയ പോരിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ മറ്റൊരു തന്ത്രമാണിതെന്ന് കോൺഗ്രസ് പ്രസ്താവിച്ചു. സർവകലാശാലയിലെ ഭരണപരമായ അപാകതകൾ പരിഹരിക്കുന്നതിനു പകരം ഇത്തരം വിവാദങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.സി. ശർമ വിമർശിച്ചു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഈ തീരുമാനം റദ്ദാക്കുമെന്നും ബി.ജെ.പി മാറ്റിയ എല്ലാ പഴയ പേരുകളും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1970ൽ 'ഭോപ്പാൽ സർവകലാശാല' എന്ന പേരിൽ സ്ഥാപിതമായ ഈ സ്ഥാപനം, ഭോപ്പാൽ സ്വദേശിയായ പ്രമുഖ സ്വാതന്ത്ര്യസമര സേനാനി പ്രഫ. ബർക്കത്തുല്ലയുടെ സ്മരണാർഥം 1988ലാണ് 'ബർക്കത്തുള്ള വിശ്വവിദ്യാലയം' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. എന്നാൽ, രാജാ ഭോജുമായി താരതമ്യം ചെയ്യുമ്പോൾ ഭോപ്പാൽ സ്വദേശിയായിരുന്നു എന്നതൊഴിച്ചാൽ മൗലാനാ ബർക്കത്തുള്ളയ്ക്ക് ഈ പ്രദേശത്തിന് വേണ്ടി എടുത്തുപറയത്തക്ക സംഭാവനകളൊന്നുമില്ലെന്നാണ് പുതിയ ഇ.സി ശുപാർശയിൽ വിവാദപരമായി പരാമർശിക്കുന്നത്. ഇത് ചരിത്രത്തെയും സ്വാതന്ത്ര്യസമര സേനാനിയെയും അപമാനിക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്.

Tags:    
News Summary - Bhopal Barkatullah University to be renamed as 'Vagdevi Bhojpal University'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.