ഒരു മന്ത്രി പറയുന്നു 480 കോടി അനുവദിച്ചുവെന്ന്, മറ്റൊരു മന്ത്രി പറയുന്നു 800 കോടിയെന്ന്; ഞങ്ങൾക്ക് ഒരു ചില്ലിക്കാശു പോലും കിട്ടിയിട്ടില്ല -കേന്ദ്രത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: പ്രളയ ദുരിതാശ്വാസത്തിലേക്ക് കേന്ദ്രസർക്കാറിൽ നിന്ന് ഒരു ചില്ലിക്കാശു പോലും കിട്ടിയിട്ടില്ലെന്ന് ആവർത്തിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. അതിർത്തി സംസ്ഥാനത്തിന് പ്രളയ ദുരിതാശ്വാസത്തിനായി 480 കോടി രൂപ അനുവദിച്ചുവെന്ന കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ പരാമർശത്തിന് പിന്നാലെയാണ് ഭഗവന്ത് മാനിന്റെ പ്രതികരണം.

''ഞങ്ങൾക്ക് ഒരു ചില്ലിക്കാശു പോലും ലഭിച്ചിട്ടില്ല. ഈ ആളുകൾ ചുരുങ്ങിയത് ആ കണക്കിനെ കുറിച്ച് തമ്മിൽ ചർച്ച ചെയ്യുകയെങ്കിലും വേണം. ഒരാൾ പറയുന്നു 480 കോടി അനുവദിച്ചുവെന്ന്. മറ്റൊരു മന്ത്രി പറയുന്നു(കേന്ദ്ര റെയിൽവേ സഹമന്ത്രി രൺവീത് ബിട്ടു)800 കോടി അനുവദിച്ചിട്ടുണ്ടെന്ന്. ഇങ്ങനെ പല കള്ളങ്ങൾ പറയുന്നതിന് പകരം, അവർ തമ്മിൽ ഒരു ധാരണയിലെത്തണം​''-ഭഗവന്ത് മാൻ പറഞ്ഞു.

ചണ്ഡീഗഢിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഭഗവന്ത് മാൻ. പഞ്ചാബിനെ ഒരു വിനോദസഞ്ചാര കേന്ദ്രമായാണ് കേന്ദ്രമന്ത്രിമാർ കണക്കാക്കിയിരിക്കുന്നതെന്നും ഭഗവന്ത് മാൻ ആരോപിച്ചു. അവരിവിടെ വരുന്നു. റൊട്ടിയും കറിയും കഴിച്ച് സ്ഥലംവിടുന്നു. ദുരിതാശ്വാസത്തിനായി എല്ലാ സംസ്ഥാനങ്ങൾക്കും സ്ഥിരംഫണ്ട് ലഭിക്കുന്നുണ്ട്. അവർ പ്രത്യേക പാക്കേജ് ഒന്നും അനുവദിച്ചിട്ടില്ലെങ്കിലും പണം വരുമായിരുന്നു. എന്നാൽ ഞങ്ങൾ ചോദിക്കുന്നത് പ്രധാനമന്ത്രി ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ച 1600 കോടി രൂപയുടെ പ്രത്യേക പാക്കേജിനെ കുറിച്ചാണ്''-ഭഗവന്ത് മാൻ പറഞ്ഞു.

കേന്ദ്രമന്ത്രി ചൗഹാൻ പറയുന്നത് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുമെന്നാണ്. ആരാണ് അവർക്ക് പ്രാധാന്യം നൽകുന്നത്? രണ്ടുപേർ മാത്രമാണ് അവിടെ പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സൂചിപ്പിച്ച് ഭഗവന്ത് മാൻ പറഞ്ഞു. ഹരിയാനയിലെ ബാസ്കറ്റ്ബോൾ കോർട്ടുകളിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽപഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നിയുടെ പരാമർശത്തെ കുറിച്ചും ഭഗവന്ത് മാൻ പ്രതികരിച്ചു.

നമ്മൾ രാഷ്ട്രീയത്തിലായിരിക്കുമ്പോൾ മറ്റെന്താണ് ചെയ്യേണ്ടത് എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ ചോദ്യം. എ.എ.പി രൂപീകരിച്ച കാലത്ത് റോഡുകളിൽ പ്രതിഷേധിച്ച് നിയമം നിർമിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് രാഷ്ട്രീയത്തിലിറങ്ങാൻ അവർ പ്രേരിപ്പിക്കുമായിരുന്നു. എന്നാൽ രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അവർ രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ് വിമർശിക്കുകയാണ്. കായിക താരങ്ങൾ മൈതാനങ്ങളിൽ നിന്ന് മൃതദേഹങ്ങളായാണോ മട​ങ്ങേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ വികസനം വേണം. 2010ൽ ഇന്ത്യയിൽ കോമൺവെൽത്ത് ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങളുണ്ടായി. 2030ൽ കോമൺവെൽത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ രാജ്യം. രോഹ്തക്കിലെ ലഖൻമജ്ര സ്‌പോർട്‌സ് ഗ്രൗണ്ടിനായി അനുവദിച്ച 12 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചിട്ടില്ല. കാരണം അത് അനുവദിച്ചത് കോൺഗ്രസ് എം.പിയായ ദീപേന്ദർ ഹൂഡയാണെന്നും ഭഗവന്ത് മാൻ ആരോപിച്ചു.

ആരെങ്കിലും മരിച്ചാൽ അനുശോചനം രേഖപ്പെടുത്തുന്നത് രാഷ്ട്രീയമാണോയെന്നും ഭഗവന്ത് മാൻ ചോദിച്ചു. കായിക മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയത്തിൽ ഏർപ്പെടുത്തുമെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മാൻ കുറ്റപ്പെടുത്തി. 

Tags:    
News Summary - Bhagwant Mann reiterated that not a single rupee has been released by the Centre for flood relief works in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.