സ്ഥാനാർഥി പിന്മാറിയ ഇൻഡോറിൽ നോട്ടക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് കോൺഗ്രസ്

ന്യൂഡൽഹി: സ്ഥാനാർഥി നാമനിർദേശ പത്രിക പിൻവലിച്ച ഇൻഡോർ ലോക്സഭ മണ്ഡലത്തിൽ നോട്ടക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് കോൺഗ്രസ്. നാമനിർദേശ പത്രിക പിൻവലിച്ച് പാർട്ടി സ്ഥാനാർഥി ബി.ജെ.പിയിൽ ചേരുകയായിരുന്നു. ഇത് കടുത്ത ആഘാതമാണ് കോൺഗ്രസിന് ഉണ്ടാക്കിയത്.

കഴിഞ്ഞ 35 വർഷത്തിനിടെ ഒരിക്കൽ പോലും ഇൻഡോർ ലോക്സഭ മണ്ഡലത്തിൽ വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. എന്നാൽ, ഇതാദ്യമായാണ് കോൺഗ്രസിന് സ്ഥാനാർഥിയെ പോലും നിർത്താനാവാത്ത സ്ഥിതി വരുന്നത്. സിറ്റിങ് എം.പിയായ ശങ്കർ ലാവ്നിയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് കാന്തി ബാം പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.

പാർട്ടി ചിഹ്നത്തിൽ മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞതോടെയാണ് നോട്ടക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ആവശ്യപ്പെട്ടത്. ബി.ജെ.പി സ്ഥാനാർഥിയുടെ എതിരാളികളായ മറ്റ് 13 പേരും ദുർബലരാണെന്നാണ് വിലയിരുത്തൽ. ഇതും നോട്ടക്ക് വോട്ട് നൽകാനുള്ള ആഹ്വാനം ചെയ്യാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

പാർട്ടി മത്സരരംഗത്തുള്ള ഒരു സ്ഥാനാർഥിയേയും പിന്തുണക്കില്ലെന്ന് മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ ജിതു പത്‍വാരി പറഞ്ഞു. ബി.ജെ.പിയെ ശിക്ഷിക്കാനായി ജനങ്ങളോട് നോട്ടക്ക് വോട്ട് നൽകാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ് ഇൻഡോർ ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Betrayed By Indore Pick, Congress Bats For NOTA To "Teach BJP A Lesson"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.