ബംഗളൂരു ദുരന്തം: കമീഷണർ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ആർ.സി.ബി അധികൃതർക്കെതിരെയും നടപടിക്ക് സാധ്യത

ബംഗളൂരു: ആർ.സി.ബിയുടെ ഐ.പി.എല്‍ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലുംതിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സർക്കാർ, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ആർ.സി.ബി ഭാരവാഹികളടക്കം ഉത്തരവാദികളെ മുഴുവൻ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

സിറ്റി പൊലീസ് കമീഷണര്‍ ബി.ദയാനന്ദ, അഡീഷനല്‍ കമീഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ ഡിവിഷന്‍ ഡി.സി.പി, എ.സി.പി, ക്ലബ്ബന്‍ പാര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വിരമിച്ച ഹൈകോടതി ജഡ്ജി മൈക്കൽ ഡി.കുന്‍ഹ ചെയര്‍മാനായുള്ള കമീഷന്‍ ദുരന്തത്തില്‍ അന്വേഷണം നടത്തും. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ഭാരവാഹികള്‍, ഡി.എൻ.എ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മാനേജര്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ അറസ്റ്റ് ചെയ്തേക്കും.

ദുരന്തത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താനാകില്ലെന്നായിരുന്നു നേരത്തെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. എന്നാല്‍ പ്രതിപക്ഷ വിമർശനം ശക്തമായതിനു പിന്നാലെയാണ് കടുത്ത നടപടി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ കര്‍ണാടക ഹൈകോടതിയും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു. ആർ.സി.ബി ഭാരവാഹികൾ, പരിപാടി സംഘടിപ്പിച്ച കർണാടക ക്രിക്കറ്റ് അസോസിയേഷൻ, വിക്ടറി പരേഡ് കൈകാര്യം ചെയ്ത ഡി.എൻ.എ എന്റർടെയിൻമെന്റ് എന്നിവക്കെതിരെയാണ് ബംഗളൂരു പൊലീസ് കേസെടുത്തത്.

വിജയാഘോഷം ഞായറാഴ്ച മതിയെന്ന് പൊലീസ് നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആരാധകരുടെ വൈകാരിക പ്രകടനം ശക്തമായിരിക്കുമെന്നതിനാൽ ബുധനാഴ്ച ആഘോഷം വേണ്ടെന്ന് സർക്കാറിനെയും ആർ.സി.ബി മാനേജ്മെന്റിനെയും പൊലീസ് ധരിപ്പിച്ചു. എന്നാൽ വിദേശ താരങ്ങൾക്ക് ഉടൻതന്നെ മടങ്ങേണ്ടതിനാൽ വിജയാഘോഷം നീട്ടിവെക്കാനാകില്ലെന്ന വാദമുയർത്തിയാണ് ഫ്രാഞ്ചൈസി ബുധനാഴ്ച വൈകിട്ടത്തെ പരിപാടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കന്നി ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിന് വലിയ സ്വീകരണ പരിപാടിയാണ് ബംഗളൂരു നഗരത്തിൽ ഒരുക്കിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്. ആയിരക്കണക്കിന് ആരാധകരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു.

Tags:    
News Summary - Bengaluru Top Cop, Other Key Officials Suspended After Stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.