പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും പരിപാടി നടത്താൻ നിർദേശം; സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലുംതിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടമായി സസ്പെൻഷൻ നൽകി ഒരു ദിവസം പൂർത്തിയാകുന്നതിനു മുമ്പ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ. ഗോവിന്ദരാജിനെ തൽസ്ഥാനത്തുനിന്ന് നീക്കി. ദുരന്തത്തിനു മണിക്കൂറുകൾക്ക് മുമ്പ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ, പൊലീസ് കമീഷണറുടെ എതിർപ്പ് വകവെക്കാതെ വിജയാഘോഷം സംഘടിപ്പിക്കാൻ നിർബന്ധിച്ചതിനാണ് പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിധാൻസൗധയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിപാടി നടത്തണമെന്ന് കമീഷണറോട് ഗോവിന്ദരാജ് നിർദേശിച്ചെന്നാണ് വിവരം. സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ചുമതലയുള്ള ഹേമന്ദ് നിമ്പാൽക്കറെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിനു ശേഷം സിറ്റി പൊലീസ് കമീഷണര്‍ ബി.ദയാനന്ദ, അഡീഷനല്‍ കമീഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ ഡിവിഷന്‍ ഡി.സി.പി, എ.സി.പി, ക്ലബ്ബന്‍ പാര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വെള്ളിയാഴ്ച രാവിലെ ആർ‌.സി‌.ബിയിലെ ഉന്നത മാർക്കറ്റിങ് ഉദ്യോഗസ്ഥനായ നിഖിൽ സൊസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ് ഉണ്ടായത്. ആർ‌.സി.‌ബി ടീം, ഡി‌.എൻ‌.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ‌.എസ്‌.സി‌.എ) എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉത്തരവിട്ടത്.

അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ കെ‌.എസ്‌.സി‌.എ അധികൃതർക്ക് കർണാടക ഹൈകോടതി അറസ്റ്റിൽനിന്നും സംരക്ഷണം നൽകി. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി. ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കും. കെ‌.എസ്‌.സി‌.എ പ്രസിഡന്റ് രഘു റാം ഭട്ട് ഉൾപ്പടെയുള്ളവർ തങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കോടതിയുടെ നിർദേശം വന്നത്.

കന്നി ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിന് വലിയ സ്വീകരണ പരിപാടിയാണ് ബംഗളൂരു നഗരത്തിൽ ഒരുക്കിയത്. കെ‌.എസ്‌.സി‌.എയുടെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്. ലക്ഷക്കണക്കിന് ആരാധകരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു.

Tags:    
News Summary - Bengaluru Stampede: Siddaramaiah's Political Secretary Removed, Karnataka Intel Head Transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.