കനത്ത മഴയെ തുടർന്ന് വെള്ളത്തിലായ ബംഗളൂരുവിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. വെള്ളക്കെട്ടിലൂടെ എക്സ്കവേറ്ററിൽ ആളുകളെ കൊണ്ടുപോകുന്നതാണ് വിഡിയോയിലുള്ളത്. 'ഏതുനിലയിലും ബംഗളൂരു എന്നും നവീന ആശയങ്ങളുടെ കേന്ദ്രം' എന്നാണ് വിഡിയോക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
കനത്ത പ്രളയത്തെത്തുടർന്ന് ബംഗളൂരു കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. റോഡുകളിൽ വെള്ളം കയറിയതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കർണാടക തലസ്ഥാനം ഇത്രയും രൂക്ഷമായ വെള്ളക്കെട്ടിന് സാക്ഷ്യം വഹിക്കുന്നത്.
ഞായറാഴ്ച്ച രാത്രി പെയ്ത മഴയിൽ അപ്പാർട്ട്മെന്റുകളുടെ ബേസ്മെന്റുകളടക്കം വെള്ളത്തിനടിയിലായിരുന്നു. അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ സ്‌കൂളിൽ അയക്കരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഇകോസ്‍പേസ്, ബെല്ലാന്ദൂർ, കെ.ആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജങ്ഷൻ, വാർത്തൂർ എന്നീ മേഖലകളിൽ വെള്ളം കയറിയി. നിരവധി വീടുകളിലും ഐ.ടി കോറിഡോറും വെള്ളത്തിലായി.
I second that thought. Where there's a will, there's a way… https://t.co/aJvxVfCbXn
— anand mahindra (@anandmahindra) September 6, 2022
ഇതോടൊപ്പം ബംഗളൂരുവിലെ അതിസമ്പന്നർ തിങ്ങിപ്പാർക്കുന്ന വൈറ്റ്ഫീൽഡും വെള്ളത്തിനടിയിലായി. ജനവാസ മേഖലയായ ഇവിടെ കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ലെക്‌സസ്, ബെന്റ്‌ലി തുടങ്ങിയ ആഡംബര വാഹനങ്ങളാണ് ഇത്തരത്തിൽ മുങ്ങിപ്പോയത്. കോൺഗ്രസ് നേതാവായ രക്ഷിത് ശിവറാം പങ്കുവച്ച വീഡിയോയിൽ, വൈറ്റ്ഫീൽഡ് ഏരിയയിലെ പോഷ് റെസിഡൻഷ്യൽ പ്രദേശത്തിലൂടെ ഒരു ട്രാക്ടർ നീങ്ങുന്നത് കാണാം. ഇവിടുത്തെ ഓരോ വസ്തുവിനും കോടികളുടെ വിലയുണ്ടെന്ന് ശിവറാം പറയുന്നുണ്ട്. ലെക്‌സസ്, ബെന്റ്‌ലി തുടങ്ങിയ ആഡംബര വാഹനങ്ങ ഇവിടത്തെ വീടുകളുടെ പോർച്ചുകളിൽ വെള്ളക്കെട്ടിൽ കിടക്കുന്നുണ്ട്.
വാഹനങ്ങളുടെ നഷ്ടം കണക്കാക്കണമെങ്കിൽ വിശദമായ പരിശോധന വേണ്ടിവരും. എഞ്ചിൻ ബേ ഏരിയയിൽ വെള്ളം കയറിയാൽ വാഹനത്തെ ഗുരുതരമായി ബാധിക്കും. ഇത് തുരുമ്പെടുക്കുന്ന പ്രശ്നങ്ങൾക്കും കാരണമാകും. ഏറ്റവും മോശം അവസ്ഥയിൽ, അറ്റകുറ്റപ്പണികൾക്ക് സാധ്യമല്ലാത്തവിധത്തിൽ ഇലക്ട്രോണിക്സും എഞ്ചിനും തന്നെ കേടാകും.
ബംഗളൂരുവിൽ വെള്ളം കയറിയ പഴയ എയർപോർട്ട് റോഡിൽ ബസ് കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ മഴയിലും റോഡ് വെള്ളത്തിനടിയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പ്രദശേം സന്ദർശിച്ചിരുന്നത്. സർജാപൂർ റോഡിൽ സമീപ കെട്ടിടങ്ങളിലെ പാർക്കിങ് മേഖല പൂർണമായും വെള്ളത്തിനടിയിലായി.
വെള്ളം കയറിയ വർത്തൂരിലെ ബാലഗെരെ-പാണത്തൂർ റോഡിൽ രക്ഷാപ്രവർത്തകർ ബോട്ടിറക്കി. മഹാദേവപുരയിൽ മുപ്പതിലധികം അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളുടെ ബേസ്‌മെന്റുകളും വെള്ളത്തിലാണ്. വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, ബാലഗെരെ മെയിൻ റോഡ്, സർജാപൂർ റോഡ്, യെമാലൂർ മെയിൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
നിരവധി സ്ഥാപനങ്ങൾ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും ബംഗളൂരുവിൽ അതിശക്തമായ മഴ അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളം കയറി സമാന സാഹചര്യം നേരിടേണ്ടി വന്നിരുന്നു. മരങ്ങൾ കടപുഴകുകയും സ്കൂളുകളും കോളജുകളും അടച്ചിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.