തൃണമൂൽ എം.പി കാകോളി ഘോഷ് ദസ്തിദാർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിന്റെ കരടു പട്ടികയിൽ നിന്ന് പാർലമെന്റംഗത്തിന്റെ കുടുംബവും പുറത്ത്. തന്നെയും കുടുംബത്തെയും ഉപദ്രവിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ മനഃപൂർവ്വം പ്രവർത്തിച്ചുവെന്ന ആരോപണവുമായി രംഗത്തുവനിരിക്കുകയാണ് ബരാസത്തിൽ നിന്നുള്ള തൃണമൂൽ എം.പി കാകോളി ഘോഷ് ദസ്തിദാർ. എം.പിയുടെ 90 വയസ്സുള്ള മാതാവ്, രണ്ട് ആൺമക്കൾ, സഹോദരി എന്നിവരുടെ പേര് എസ്.ഐ.ആറിന്റെ കരടു വോട്ടർ പട്ടികയിൽ നിന്ന് കാണാതായതിനെത്തുടർന്ന് ശനിയാഴ്ച ആരംഭിച്ച വാദം കേൾക്കൽ പ്രക്രിയക്കായി അവരെ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രസ്താവന.
‘എന്റെ അമ്മയും സഹോദരിയും ഞാൻ രജിസ്റ്റർ ചെയ്തിരിക്കുന്ന അതേ ബൂത്തിലെ വോട്ടർമാരാണ്. എന്റെ ആൺമക്കൾ ഡോക്ടർമാരും പ്രശസ്തരുമാണ്. അവരുടെ പേരുകളും ഒഴിവാക്കിയിരിക്കുന്നു’ -2009 മുതൽ ലോക്‌സഭാ എം.പിയും പാർലമെന്റിന്റെ അധോസഭയിലെ തൃണമൂൽ ചീഫ് വിപ്പുമായ ഘോഷ് ദസ്തിദാർ പറഞ്ഞു.
സംസ്ഥാനത്തെ മാപ്പ് ചെയ്യാത്ത വോട്ടർമാരുടെ പ്രാഥമിക ഹിയറിങ്ങിനായി തെരഞ്ഞെടുപ്പ് കമീഷൻ വിളിപ്പിച്ച 32 ലക്ഷം വോട്ടർമാരിൽ ഈ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. 2002 ലെ വോട്ടർ പട്ടികയുമായി ബന്ധം സ്ഥാപിക്കാൻ കഴിയാത്ത വോട്ടർമാരായിട്ടാണ് ഇവരുള്ളത്.
ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നതെന്ന് തൃണമൂൽ എം.പി പറഞ്ഞു. ‘ഒരു കാരണവുമില്ലാതെ അവർ കരട് പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കി. എന്റെ കുടുംബാംഗങ്ങൾ യഥാർത്ഥ വോട്ടർമാരാണ്. അവർ ഇന്ത്യൻ പൗരന്മാരാണ്. വർഷങ്ങളായി വോട്ട് ചെയ്യുന്നുണ്ട്. ഒരു സിറ്റിങ് എം.പിയുടെ കുടുംബാംഗങ്ങളും മുൻ സംസ്ഥാന മന്ത്രിയുടെ മക്കളുമാണ്. കരട് പട്ടികയിൽ അവരുടെ പേരുകൾ കാണുന്നില്ലെങ്കിൽ, സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ’ -കാകോളി ദസ്തിദാർ പറഞ്ഞു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നുവെന്നും അവർ ആരോപിച്ചു.
എന്നാൽ, തൃണമൂൽ എം.പിയുടെ ആരോപണങ്ങളെ ബംഗാൾ ബി.ജെ.പി തൃണവൽക്കരിക്കുകയാണ് ചെയ്തത്. രേഖകളിലെ ചില പൊരുത്തക്കേടുകൾ കാരണം തെരഞ്ഞെടുപ്പ് കമീഷൻ അവരെ വിളിച്ചതായിരിക്കാം എന്നായിരുന്നു ബി.ജെ.പിയുടെ ബംഗാൾ യൂനിറ്റിന്റെ മുൻ പ്രസിഡന്റ് രാഹുൽ സിൻഹയുടെ പ്രതികരണം.
ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം പ്രകാരമുള്ള വാദം കേൾക്കലുകൾ ശനിയാഴ്ച മുതൽ സംസ്ഥാനത്തുടനീളമുള്ള 3,234 കേന്ദ്രങ്ങളിൽ നടക്കും. ഇതിൽ 121 എണ്ണം കൊൽക്കത്തയിലാണ്.
4,500ലധികം മൈക്രോ ഒബ്സർവർമാരുടെ മേൽനോട്ടത്തിലായിരിക്കും വാദം കേൾക്കൽ നടക്കുക. ഇ.ആർ.ഒ.മാർ (ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ), എ.ആർ.ഒ.മാർ (അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ), ബി.എൽ.ഒ.മാർ (ബൂത്ത് ലെവൽ ഓഫിസർമാർ), ഹിയറിങ് സെന്ററിൽ അനുവദിക്കപ്പെട്ട നിരീക്ഷകർ എന്നിവരാലാണ് ഇവർ നിയോഗിക്കപ്പെടുക. ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവായി കമീഷൻ 12 രേഖകൾ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.