'വീട്ടിൽ ബീഫ് പാകം ചെയ്തു'; ഉത്തർപ്രദേശിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ ബീഫ് പാകം ചെയ്തതിന് വീട്ടമ്മമാർ അറസ്റ്റിൽ. വീട്ടിലെത്തിയ പൊലീസ് സംഘം മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഗോവധ നിരോധന നിയമപ്രകാരമാണ് കേസ്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഈ സംഭവം നടന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, ഒരു കുടുംബം ബീഫ് കൊണ്ടുവരികയും വീട്ടിലെ സ്ത്രീകൾ അത് പാകം ചെയ്യുകയുമാണെന്ന് ബുധനാഴ്ച പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഈ വിവരം സ്ഥിരീകരിച്ച ശേഷം പൊലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. പൊലീസ് റെയ്ഡ് ചെയ്യുന്നത് കണ്ടപ്പോൾ, അവിടെയുണ്ടായിരുന്ന നാല് പുരുഷന്മാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥർ അകത്തു കടന്നപ്പോൾ സ്ത്രീകളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തി ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

റെയ്ഡിനിടെ പാകം ചെയ്ത മാംസം നിറച്ച പാത്രവും, പാകം ചെയ്യാത്ത മാംസമുള്ള പ്ലാസ്റ്റിക് കവറും പൊലീസ് പിടിച്ചെടുത്തു. ഈ സ്ത്രീകൾക്കെതിരെ ഉത്തർപ്രദേശ് ഗോവധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സരായി പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് വ്യക്തമാക്കി.

അറസ്റ്റിലായ സ്ത്രീകൾ 30 വയസ്സ് പ്രായമുള്ളവരാണ്. തങ്ങൾ പാകം ചെയ്ത മാംസം കുടുംബാംഗങ്ങൾ പുറത്തുനിന്ന് കൊണ്ടുവന്ന ബീഫ് ആണെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഈ സ്ത്രീകൾക്ക് പുറമെ, ഇവരുടെ ഭർത്താക്കന്മാരെയും അയൽവാസിയായ മറ്റൊരു പുരുഷനെയും പൊലീസ് തിരയുന്നുണ്ട്. ഇവർ മുംബൈയിൽ ജോലി ചെയ്യുന്നവരാണ്. അടുത്തിടെയാണ് കൗശാമ്പിയിൽ എത്തിയതെന്നാണ് വിവരം.

പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ലാബ് ഫലം വരുന്നതുവരെ കാത്തിരിക്കുകയാണെന്നും, മാംസം എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ഇതിനു മുൻപും ഇവർ ഇത്തരത്തിൽ മാംസം വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി എസ്പി കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Cooked beef at home'; Three women arrested in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.