കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക സംഘർഷം. വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച ബി.ജെ.പി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നതിനിടെയാണ് പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാളിലെ ജമുരിയയിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പാർട്ടി ഓഫീസ് പ്രതിഷേധക്കാർ തീയിട്ടു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഉണ്ടായ രാഷ്ട്രീയ സംഘർഷമാണ് അക്രമത്തിൽ കലാശിച്ചത്.
ജമുരിയക്ക് പുറമെ അസൻസോൾ, ദിൻഹത തുടങ്ങിയ സ്ഥലങ്ങളിലും രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിൽ പോളിംഗ് ഏജന്റുമാർ തമ്മിൽ കൈയാങ്കളിയുണ്ടായി. കസേരകൾ തല്ലിത്തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹതയിൽ ബി.ജെ.പി-ടി.എം.സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ കേന്ദ്ര സേന ലാത്തി വീശി.
അസൻസോൾ ദുർഗാപൂർ പൊലീസ് കമ്മീഷണർ പ്രണവ് കുമാർ അക്രമസംഭവങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ക്രമസമാധാന നില ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിലുടനീളം വൻതോതിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 700 കമ്പനി സെൻട്രൽ ഫോഴ്‌സിനെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിർത്തിയിരിക്കുന്നത്.
15 വർഷമായി അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി സംസ്ഥാനത്ത് വൻ മുന്നേറ്റമാണ് നടത്തുന്നത്. ചരിത്ര വിജയത്തിലേക്ക് ബിജെപി നീങ്ങുന്നു എന്ന സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ബംഗാൾ വീണ്ടും അക്രമാസക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.