ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ട് എണ്ണൽ പുരോഗമിക്കുമ്പോൾ തമിഴകത്തെ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് നടൻ വിജയിയും അദ്ദേഹത്തിന്‍റെ പാർട്ടി തമിഴക വെട്രി കഴകവും (ടി.വി.കെ). രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കേവലം രണ്ടു വയസ്സ് മാത്രം പ്രായമുള്ള ടി.വി.കെ തമിഴ്നാട്ടിൽ സീറ്റുകൾ തൂത്തുവാരുന്ന കാഴ്ചയാണ് ദേശീയ രാഷ്ട്രീയം ഇന്ന് കണ്ടത്.
മറ്റൊരർഥത്തിൽ പറഞ്ഞാൽ ആരാധകവൃന്ദത്തെ ഒരു രാഷ്ട്രീയ മുന്നേറ്റമാക്കി മാറ്റിയ മികച്ച നേതാവായി മാറി വിജയ്. രാഷ്ട്രീയക്കാരനായി മാറിയ നടൻ എം.ജി.ആറിന്‍റെ വഴിയിലൂടെയാണ് 49 വർഷത്തിനു ശേഷം മറ്റൊരു നടനായ വിജയിയുടെ തോരോട്ടം. 1977ൽ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു എം.ജി.ആറും അദ്ദേഹം രൂപവത്കരിച്ച എ.ഐ.എ.ഡി.എം.കെയും സീറ്റുകൾ തൂത്തുവാരി മുഖ്യമന്ത്രിയായത്. നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും മറ്റൊരു നേതാവിനും കഴിയാത്തതാണ് വിജയ് ഇപ്പോൾ തമിഴകത്ത് യാഥാർഥ്യമാക്കിയിരിക്കുന്നത്. എം.ജി.ആറിന് ശേഷം സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ നടനാവും വിജയ്. എം.ജി.ആർ 1977ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി 1987ൽ മരിക്കുന്നതുവരെ ഒരു ദശാബ്ദക്കാലം തമിഴ്‌നാട് ഭരിച്ചു.
വൻ ആരാധക പിന്തുണയുള്ള കമൽ ഹാസൻ അടക്കമുള്ളവർ പാർട്ടി രൂപീകരിച്ചെങ്കിലും രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സിനിമാ താരമെന്ന നിലയിൽ ജയലളിത മുഖ്യമന്ത്രിപദത്തിലെത്തിയത് സ്വന്തമായി ഒരു രാഷ്ട്രീയ മുന്നേറ്റത്തിലൂടെയായിരുന്നില്ല അത്. എം.ജി.ആറിന്റെ പിൻഗാമിയായിട്ടായിരുന്നു ജയലളിത അധികാരക്കസേരയിലെത്തിയത്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രെൻഡുകൾ പ്രകാരം രണ്ട് വർഷം മാത്രം പ്രായമുള്ള വിജയ്‌യുടെ ടി.വി.കെ 108 സീറ്റുകളിൽ മുന്നേറുകയാണ്. ഏറ്റവും വലിയ ഒറ്റ കക്ഷിയായി ടി.വി.കെ മാറി. 2009ൽ തന്നെ വിജയ് തന്റെ ആരാധകവൃന്ദത്തെ പുനസംഘടിപ്പിക്കാൻ തുടങ്ങിയിരുന്നു. വിജയ് മക്കൾ ഇയക്കം എന്ന പേരിൽ ക്ലബ് രൂപീകരിച്ചു. ക്ഷേമ-സേവന ശൃംഖലയായ സംഘടന, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായം, പ്രാദേശിക ഇടപെടലുകൾ എന്നിവയിലൂടെ അടിത്തട്ടിൽ ജനങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു. 2011ൽ, എ.ഐ.എ.ഡി.എം.കെ നയിക്കുന്ന മുന്നണിയെ പരസ്യമായി പിന്തുണച്ചു. വിജയ് യുടെ ആദ്യത്തെ വ്യക്തമായ തെരഞ്ഞെടുപ്പ് പരീക്ഷണമായിരുന്നു അത്.
താരപരിവേഷത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമോ എന്നതിന്റെ പരീക്ഷണവുമായി അത് മതി. 2010 കളുടെ അവസാനത്തിലും 2020കളുടെ തുടക്കത്തിലും, വിജയ് യുടെ സിനിമാ കേന്ദ്രീകൃത പൊതുപരിപാടികൾ കൂടുതൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ തുടങ്ങി. 2019 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അദ്ദേഹത്തിന്റെ വിമർശനം സിനിമയ്ക്ക് അപ്പുറമുള്ള നിലപാടുകൾ സ്വീകരിക്കാനുള്ള സന്നദ്ധതയുടെ പ്രഖ്യാപനം കൂടിയായി. യുവാക്കളുടെ തൊഴിലില്ലായ്മ, അഴിമതി എന്നിവയെക്കുറിച്ചായിരുന്നു പ്രസംഗങ്ങൾ അധികവും. പാർട്ടി ആരംഭിക്കുന്നതിന് മുമ്പ് സംഘാടന മികവ് തെളിയിച്ചു. 2021 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ, വിജയ് മക്കൾ ഇയക്കം സ്ഥാനാർഥികൾ മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും വിജയം നേടി. ഇത് പാർട്ടി രൂപീകരണത്തന് വലിയ മുതൽകൂട്ടായി.
ഒടുവിൽ 2024 ഫെബ്രുവരിയിൽ ടി.വി.കെ രൂപവത്കരിച്ചു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ടി.വി.കെ സ്വന്തമായി മറ്റ് പാർട്ടികളുമായി സഖ്യത്തിന് തയാറായില്ല. ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ ദ്വന്ദത്തിന് ശുദ്ധമായ ഒരു ബദലായി സ്വയം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം വിജയ് കോൺഗ്രസ് അടക്കമുള്ള പാർട്ടിയുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. വിജയിക്കുന്ന ടി.വി.കെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മറ്റാൻ വിജയ് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. തമിഴ്നാട്ടിൽ ഇനി വിജയ് യുഗമായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.