ബംഗാളിൽ വ്യാപക അക്രമം; കൊൽക്കത്തയിൽ ബുൾഡോസർ രാജ്, കുട്ടികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമം. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് ഏരിയയിൽ ബുൾഡോസർ ഉപയോഗിച്ച് തൃണമൂൽ ഓഫിസും കടകളും തകർത്തു. സ്കൂൾ ബസ് ജീവനക്കാരൻ കുട്ടികളെക്കൊണ്ട് നിർബന്ധിതമായി ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അക്രമങ്ങളിൽ ഇതുവരെ നാലുപേർ കൊല്ലപ്പെട്ടു.

ന്യൂ മാർക്കറ്റിന് സമീപമുള്ള തൃണമൂൽ കോൺഗ്രസ് ഓഫിസ്, ഒരു ചിക്കൻ ഷോപ്പ്, വസ്ത്ര വ്യാപാര സ്ഥാപനം എന്നിവയാണ് ബി.ജെ.പി അനുകൂലികൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തെത്തുടർന്ന് നഗരത്തിൽ ജെ.സി.ബി, ബുൾഡോസർ എന്നിവ ഉപയോഗിച്ചുള്ള റാലികൾ കൊൽക്കത്ത പൊലീസ് നിരോധിച്ചു. നിയമലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് കമ്മീഷണർ അജയ് നന്ദ് മുന്നറിയിപ്പ് നൽകി. നഗരത്തിൽ ഇതുവരെ 80 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭവാനിപുരിലെ തൃണമൂൽ നേതാവും മുൻ മന്ത്രിയുമായ ശോഭൻദേവ് ചതോപാധ്യായയുടെ വീടിന് നേരെ ബി.ജെ.പി പ്രവർത്തകർ അക്രമഭീഷണി മുഴക്കി. പത്തോളം വരുന്ന സംഘം വീട്ടിലെത്തി വധഭീഷണി മുഴക്കിയതായും തുടർന്ന് പൊലീസ് സംരക്ഷണം തേടിയതായും 82കാരനായ അദ്ദേഹം പറഞ്ഞു. ഭയത്തെത്തുടർന്ന് തന്റെ കൊച്ചുമകളെ സ്കൂളിൽ അയച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


‘പത്ത് പേരടങ്ങുന്ന ഒരു സംഘം എന്റെ വീട്ടിൽ വന്ന് എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. അവരെ നയിച്ചയാൾ വർഷങ്ങൾക്ക് മുമ്പ് എന്റെ കൂടെ ജോലി ചെയ്തിരുന്ന ആളായിരുന്നു. വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്, കൂടാതെ പൊലീസ് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണറെയും വിവരം അറിയിച്ചിട്ടുണ്ട്’-ചതോപാധ്യായ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

അക്രമ സംഭവങ്ങളിൽ അടിയന്തരമായി പ്രതികളെ അറസ്റ്റ് ചെയ്യാൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ നിർദ്ദേശം നൽകി. ബിർഭും ജില്ലയിൽ മാത്രം 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നോർത്ത് 24 പർഗാനാസിലെ നജാത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

അതേസമയം, ആരും നിയമം കയ്യിലെടുക്കരുതെന്നും രാഷ്ട്രീയ അക്രമങ്ങളുടെ സംസ്കാരം ബംഗാളിൽ അവസാനിപ്പിക്കണമെന്നും ബി.ജെ.പി നേതാക്കളായ സുവേന്ദു അധികാരിയും സമിക് ഭട്ടാചാര്യയും പ്രവർത്തകരോട് അഭ്യർഥിച്ചു. 

Tags:    
News Summary - Bengal Burns: Bulldozers, Deaths, Forced Slogans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.