'ഉപേക്ഷിക്കപ്പെട്ട കാമുകിയെപ്പോലെ പെരുമാറുന്നു': എ.എ.പി‌ക്കെതിരെ രൂക്ഷവിമർശനവുമായി രാഘവ് ചദ്ദ; താനാണ് അടുത്ത ലക്ഷ്യമെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ രാജ്യസഭ എം.പി രാഘവ് ചദ്ദ തന്റെ മുൻ പാർട്ടിക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായി രംഗത്തെത്തി. പാർട്ടി വിട്ടുപോയവരോടുള്ള എ.എ.പിയുടെ സമീപനം 'അടക്കാനാവാത്ത പകയുള്ള, ഉപേക്ഷിക്കപ്പെട്ട ഒരു കാമുകിയെപ്പോലെ' ആണെന്ന് അദ്ദേഹം പരിഹസിച്ചു.

പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാർ, സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയ പ്രതികാരത്തിനായി ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നേരിട്ട് പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ് പഥക്, അശോക് മിത്തൽ എന്നീ എം.പിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എ.എ.പി വിട്ട് ബി.ജെ.പിയിൽ ചേർന്ന ജനപ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും പഞ്ചാബ് പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും വിഷയത്തിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

എ.എ.പി വിട്ട എം.പിമാരെയും അവരെ പിന്തുണക്കുന്ന വ്യവസായികളെയും പഞ്ചാബ് സർക്കാർ ലക്ഷ്യം വെക്കുന്നു. ഇതിന്റെ ഭാഗമായാണ് എം.പി രാജീന്ദർ ഗുപ്തയുടെ സ്ഥാപനങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡ് റെയ്ഡ് നടത്തിയത്. എം.പി സന്ദീപ് പഥക്കിനെതിരെ അടിസ്ഥാനരഹിതമായ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് പീഡിപ്പിക്കുകയാണ്. മുൻ എം.പിമാരെ വ്യക്തിഹത്യ ചെയ്യാൻ സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രത്യേക ഏജൻസികളെ ഏൽപ്പിച്ചിരിക്കുകയാണെന്നും ചദ്ദ ആരോപിച്ചു.

സർക്കാരിലെ തന്റെ വിശ്വസ്തരായ ഉറവിടങ്ങളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പഞ്ചാബ് സർക്കാർ അടുത്തതായി ലക്ഷ്യം വെക്കുന്നത് തന്നെയാണെന്നും തനിക്കെതിരെ കള്ളക്കേസുകൾ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ യജമാനന്മാരുടെ താൽപ്പര്യങ്ങൾക്കായി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പഞ്ചാബിലെ എ.എ.പി സർക്കാരിന്റെ കാലം അവസാനിക്കാറായിരിക്കുന്നുവെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഏപ്രിലിലാണ് ആം ആദ്മി പാർട്ടിയുടെ ഏഴ് രാജ്യസഭ എം.പിമാർ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നത്. പാർട്ടിയുടെ ഉന്നത നേതൃത്വവുമായി ഉടക്കിയ ചദ്ദയെ നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് മാറിയത്. എ.എ.പി ഇപ്പോൾ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി മാറിയെന്നാണ് ചദ്ദയുടെ ആരോപണം.

Tags:    
News Summary - 'Behaving like a jilted lover': Raghav Chadha lashes out at AAP; reveals he is the next target

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.