സിംഗപ്പൂർ: തൊഴിലുടമകൾ ശമ്പളം നൽകാത്തതിനെ തുടർന്ന് സിംഗപ്പൂരിൽ കുടുങ്ങിയ മുന്നൂറിലധികം ഇന്ത്യൻ, ബംഗ്ലാദേശ് കുടിയേറ്റ തൊഴിലാളികൾക്ക് അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സിംഗപ്പൂർ സർക്കാർ. നാല് മാസത്തോളമായി ശമ്പളം ലഭിക്കാതെ കടക്കെണിയിലായ 400-ഓളം തൊഴിലാളികൾക്കാണ് സർക്കാർ താൽക്കാലിക ആശ്വാസമേകുന്നത്.
നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസും (NTUC) മൈഗ്രന്റ് വർക്കേഴ്സ് സെന്ററും (MWC) സംയുക്തമായി ഓരോ തൊഴിലാളിക്കും 100 സിംഗപ്പൂർ ഡോളർ പണമായും, നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ 100 ഡോളറിന്റെ സൂപ്പർമാർക്കറ്റ് വൗച്ചറുകളും നൽകും. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണെന്ന് ലേബർ മേധാവി എൻജി ചീ മെങ് വ്യക്തമാക്കി. തൊഴിലാളികളെ വഞ്ചിക്കുന്ന ഇത്തരം കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെപിഎ എഞ്ചിനീയറിംഗ്, എസ്കെ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളിലെ ജീവനക്കാരാണ് ദുരിതത്തിലായത്. അതേസമയം, കമ്പനി ഉടമകൾ രാജ്യം വിട്ടതായാണ് സൂചന. നിലവിൽ ടുവാസ് വ്യൂ ഡോർമിറ്ററിയിൽ കഴിയുന്ന തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെ സിംഗപ്പൂരിൽ തുടരാൻ മന്ത്രാലയം പ്രത്യേക പാസുകൾ അനുവദിക്കും.
ലോൺ എടുത്തും ഏജൻസി ഫീസ് നൽകിയും സിംഗപ്പൂരിൽ എത്തിയ തൊഴിലാളികൾക്ക് പുതിയ ജോലി ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മാനവശേഷി സഹമന്ത്രി ദിനേശ് വാസു ഡാഷ് പറഞ്ഞു. നിലവിലെ താമസം അവസാനിക്കുന്നതോടെ ഇവരെ സെങ്‌കാങ്ങിലുള്ള സർക്കാർ ഓൺബോർഡിംഗ് സെന്ററിലേക്ക് മാറ്റും. കുറ്റക്കാരായ തൊഴിലുടമകൾക്കെതിരെ സിംഗപ്പൂർ ഭരണകൂടം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.