ഇംഫാൽ: മണിപ്പൂരിൽ മൂന്ന് കുക്കി ക്രിസ്ത്യൻ സഭാ നേതാക്കൾ വെടിയേറ്റ് മരിച്ച സംഭവം ദേശീയ അന്വേഷണ ഏജൻസി (NIA) അന്വേഷിക്കും. കഴിഞ്ഞ മാസം നടന്ന കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
മേയ് 13-നായിരുന്നു കലാപബാധിതമായ മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയിൽ വെച്ച് ക്രൂരമായ ആക്രമണം നടന്നത്. തഡോ ബാപ്റ്റിസ്റ്റ് അസോസിയേഷൻ അംഗങ്ങളായ സഭാ നേതാക്കൾ ചുരാചന്ദ്പൂരിലെ മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങൾക്ക് നേരെ സായുധ സംഘം പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് ജൂൺ 8-ലെ എൻ.ഐ.എയുടെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ആക്രമണത്തിൽ കുക്കി വിഭാഗത്തിൽപ്പെട്ട മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനങ്ങളിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവദിവസം ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും സമാധാനം തകർക്കാനും ലക്ഷ്യമിട്ടാണ് ആസൂത്രിത ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
2023 മേയ് മാസം മുതൽ മണിപ്പൂരിൽ മെയ്തേയ്-കുക്കി വിഭാഗങ്ങൾക്കിടയിൽ തുടരുന്ന വംശീയ സംഘർഷങ്ങളിൽ ഇതുവരെ 260-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. പതിനായിരക്കണക്കിന് ആളുകൾ സ്വന്തം വീടും നാടും ഉപേക്ഷിച്ച് ഇപ്പോഴും അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുകയാണ്. ഇതിനിടയിലാണ് സമാധാനാന്തരീക്ഷം വീണ്ടും തകർക്കുന്ന തരത്തിലുള്ള പുതിയ അക്രമസംഭവം ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.