മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ല; ഉദ്യോഗസ്ഥർ മോശമായി പെരുമാറി -ആദായനികുതി റെയ്ഡിനെ കുറിച്ച് ബി.ബി.സി

ന്യൂഡൽഹി: മുംബൈ, ഡൽഹി ഓഫിസുകളിൽ നടന്ന ആദായ നികുതി പരിശോധനക്കിടെ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ബി.ബി.സി. മണിക്കൂറുകളോളം ആണ് മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെട്ടത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയെന്നും ബി.ബി.സി ആരോപിച്ചു. ബി.ബി.സിയുടെ ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു വിമർശനം.

റെയ്ഡിനിടെ മാധ്യമപ്രവർത്തകരുടെ കംപ്യൂട്ടറുകൾ പരിശോധനക്ക് വിധേയമാക്കുകയും അവരുടെ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ​റെയ്ഡിനെ കുറിച്ച് എഴുതുന്നതിനും വിലക്കുണ്ടായിരുന്നു.

ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷേപണസമയം അവസാനിച്ചതിനുശേഷം മാത്രമാണ് ഇവരെ ജോലി ചെയ്യാന്‍ അനുവദിച്ചതെന്നും ബിബിസി കൂട്ടിച്ചേര്‍ത്തു.

58 മണിക്കൂർ നീണ്ട ആദായനികുതി വകുപ്പിന്റെ പരിശോധന വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് കുറെ ​പ്രശ്നങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കനത്ത പൊലീസ് സുരക്ഷയോടെ ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ റെയ്ഡിന് എത്തിയത്. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ബി.ബി.സി ഓഫിസുകളിൽ റെയ്ഡ് നടന്നത്.

Tags:    
News Summary - BBC on income tax raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.