ന്യൂഡൽഹി: വ്യാപക ചർച്ചയായ ബി.ബി.സി ഡോക്യുമെന്‍ററി ഇന്ത്യയിൽ പ്രചരിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി 302 പ്രമുഖർ.
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഡോക്യുമെന്‍ററി കെട്ടിച്ചമച്ച കുറ്റപത്രമാണെന്ന് സംയുക്ത പ്രസ്താവനയിൽ അവർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ നേതാവിനോടും ദേശഭക്തനോടുമുള്ള മുൻവിധിയാണ് അതിൽ പ്രതിഫലിക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യുടെ മുൻ മേധാവി സഞ്ജീവ് ത്രിപാഠി, കേന്ദ്ര അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ മുൻ ഡയറക്ടർ യോഗേഷ് ചന്ദർ മോദി, രാജസ്ഥാൻ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് അനിൽദേവ് സിങ്, മുൻ ആഭ്യന്തര സെക്രട്ടറി എൽ.സി. ഗോയൽ, മുൻ വിദേശകാര്യ സെക്രട്ടറി ശശാങ്ക് തുടങ്ങി 13 മുൻ ജഡ്ജിമാർ, 133 മുൻ ഉദ്യോഗസ്ഥർ എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.
പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വം കോടതിയും ജഡ്ജിയുമായി സ്വയം ചമയുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രം പുറത്തെടുത്ത് ഹിന്ദു-മുസ്ലിം സംഘർഷം വളർത്തുകയാണ്. അല്ലാതെ നിഷ്പക്ഷ വിമർശനമോ ക്രിയാത്മക സ്വാതന്ത്ര്യ പ്രകടനമോ അല്ല ഡോക്യുമെന്‍ററി. 75 വർഷം പഴക്കമുള്ള സ്വതന്ത്ര ഇന്ത്യയുടെ അടിസ്ഥാനത്തെയും ജനഹിതത്തെയും അത് ചോദ്യം ചെയ്യുന്നു -പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.