ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ കുറ്റവിചാരണ പ്രമേയവുമായി(ഇംപീച്ച്മെൻറ്) മുന്നോട്ട് പോകുന്ന അഭിഭാഷകരായ പാർലമെേൻററിയന്മാരെ കേസ് വാദിക്കാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ പ്രമേയം പാസാക്കി. കുറ്റവിചാരണപ്രമേയത്തിൽ കോൺഗ്രസ് നേതാവായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ഒപ്പിട്ട സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് മനൻ കുമാർ മിശ്ര അധ്യക്ഷനായ ബാർ കൗൺസിൽ പ്രമേയം പാസാക്കിയത്. തങ്ങൾ ആരുടെ പേരും പരാമർശിക്കുന്നില്ലെന്നും എന്നാൽ, ആരെങ്കിലും ഇൗ തീരുമാനം ലംഘിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നും മനൻ മിശ്ര വാർത്തസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
കപിൽ സിബൽ, വിവേക് ടാങ്ക, പി. ചിദംബരം, എ.എം. സിങ്വി, കെ.ടി.എസ്. തുളസി തുടങ്ങിയ പ്രമുഖ കോൺഗ്രസ് രാജ്യസഭ അംഗങ്ങളെല്ലാം സുപ്രീംകോടതിയിൽ പ്രാക്ടിസ് തുടരുന്ന അഭിഭാഷകരാണ്. ഇവരെ ബാധിക്കുന്നതാണ് ബാർ കൗൺസിലിെൻറ ഭീഷണി. അഭിഭാഷകരായ പാർലമെേൻററിയന്മാർക്കെതിരെ ബി.ജെ.പി നേതാവും സുപ്രീംകോടതിയിലെ സ്ഥിരം വ്യവഹാരിയുമായ അശ്വനികുമാർ ഉപാധ്യായ സമർപ്പിച്ച പരാതി സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിെൻറ രക്ഷക്കുതകുന്ന പ്രമേയവുമായി ബാർ കൗൺസിൽ രംഗത്തുവന്നത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണജഡ്ജി ലോയയുടെ ദുരൂഹ മരണത്തിനെതിരെ ഹരജി നൽകിയ മുതിർന്ന അഭിഭാഷകൻ അഡ്വ. ദുഷ്യന്ത് ദവെയെ ബാറിൽ നിന്ന് വിലക്കാൻ മനൻ മിശ്രയും ബാർ കൗൺസിലും ശ്രമം നടത്തിയിരുന്നു. ഇതേക്കുറിച്ച് ദുഷ്യന്ത് ദവെ പരാതി ബോധിപ്പിച്ചപ്പോൾ കേസുമായി മുന്നോട്ടുപോകാൻ സുപ്രീംകോടതി അനുവാദം നൽകുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയതാണ് ഇംപീച്ച്മെൻറ് പ്രമേയത്തിലേക്ക് നയിച്ചത്. ജഡ്ജി ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് പ്രത്യേക താല്പര്യത്തോടെ ഇടപെട്ടുവെന്നാണ് മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപിച്ചത്.
കോണ്‍ഗ്രസ്, എൻ.സി.പി, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആർ.ജെ.ഡി തുടങ്ങി പ്രതിപക്ഷനിരയിലെ പാര്‍ട്ടികളില്‍നിന്ന് 50 എം.പിമാരാണ് പ്രമേയത്തില്‍ ഒപ്പുെവച്ചിട്ടുള്ളത്. ഇംപീച്ച്മെൻറ് പ്രമേയം അംഗീകരിക്കാന്‍ രാജ്യസഭയിലാണെങ്കില്‍ 50 അംഗങ്ങളുടെയും ലോക്സഭയിലാണെങ്കില്‍ 100 എം.പിമാരുടെയും പിന്തുണ വേണം. നോട്ടീസ് ലഭിച്ചുകഴിഞ്ഞാല്‍ ഉപരാഷ്ട്രപതി അന്വേഷണസമിതിയെ നിയോഗിക്കണം. സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും വിചാരണ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. രാജ്യത്തിെൻറ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ കുറ്റവിചാരണപ്രമേയത്തിന് പ്രതിപക്ഷം കൈകോർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.