കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ‘ബാപ്സ്’ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. കാലിഫോർണിയയിലെ കിനോ ഹിൽസിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ലോസ് ഏഞ്ചൽസിൽ 'ഖലിസ്താൻ റഫറണ്ടം' നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു സംഭവം.
വിദ്വേഷത്തിനെതിരെ ഹിന്ദു സമൂഹം ഉറച്ചുനിൽക്കുന്നുവെന്ന് യു.എസിലെ ബാപ്സ് പബ്ലിക് അഫയേഴ്‌സ് വിഭാഗം ഔദ്യോഗിക എക്സിൽ പേജിലൂടെ വ്യക്തമാക്കി. കിനോ ഹിൽസിലെയും സതേൺ കാലിഫോർണിയയിലെയും സമൂഹത്തോടൊപ്പം നിൽക്കുന്നു. വിദ്വേഷം വേരൂന്നാൻ ഒരിക്കലും അനുവദിക്കില്ല. നമ്മുടെ മാനവികതയും വിശ്വാസവും സമാധാനവും അനുകമ്പയും നിലനിൽക്കുമെന്ന് ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെ കോയിലേഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും അപലപിച്ചു. ഹിന്ദു വിദ്വേഷവും ഹിന്ദുഫോബിയയും ഭാവനയിലെ ഒരു നിർമിതിയാണെന്ന് മാധ്യമങ്ങളും അക്കാദമിക് വിദഗ്ധരും വാദിക്കുന്ന ഒരു ദിവസത്തിലൂടെയാണ് കടന്നു പോകുന്നത്. 'ഖലിസ്താൻ റഫറണ്ടം' നടക്കാൻ പോകുമ്പോൾ ഇത്തരം സംഭവം ഉണ്ടാകുന്നതിൽ അതിശയിക്കാനില്ലെന്നും കോയിലേഷൻ ചൂണ്ടിക്കാട്ടി.
ക്ഷേത്രങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട് 2022 മുതലുള്ള കേസുകളുടെ പട്ടിക പുറത്തുവിട്ട കോയിലേഷൻ, ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. വടക്കേ അമേരിക്കയിൽ ഹിന്ദുമതത്തെ കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും ഹിന്ദു സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്നതിനുമായി പ്രവർത്തിക്കുന്ന അഭിഭാഷക സംഘടനയാണ് കോയിലേഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക.
സെപ്റ്റംബർ 25ന് കാലിഫോർണിയിലെ സാക്രമെന്‍റോയിലെ ‘ബാപ്സ്’ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. ക്ഷേത്രത്തിന്‍റെ അങ്കണത്തിൽ ‘ഹിന്ദുക്കൾ മടങ്ങിപ്പോവുക’ എന്ന വിദ്വേഷ വാക്കുകൾ അക്രമികൾ ചുവരെഴുതുകയും ചെയ്തു. സെപ്റ്റംബർ 17ന് ന്യൂയോർക്കിലെ മെൽവില്ലിലുള്ള ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിറിലും സമാന ചുവരെഴുത്ത് നടത്തിയിരുന്നു.
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാപ്സിന് അമേരിക്കയിൽ നൂറിലധികം ക്ഷേത്രങ്ങളും കേന്ദ്രങ്ങളുമുണ്ട്. 2023ൽ ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ അക്ഷർധാം ക്ഷേത്രം ന്യൂജേഴ്‌സിയിൽ തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.