ന്യൂഡല്‍ഹി: ശമ്പള ദിവസം പണം പിന്‍വലിക്കാന്‍ തിക്കിത്തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ബാങ്കുകളില്‍ പണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന റിസര്‍വ് ബാങ്കിന്‍െറയും സര്‍ക്കാറിന്‍െറയും വാദം പൊളിഞ്ഞു. ചെക്ക് നല്‍കി 24,000 രൂപവരെ പിന്‍വലിക്കാന്‍ അനുവാദമുണ്ടെങ്കിലും, അത്രയും തുക ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കഴിയാതെ ബാങ്കുകള്‍ വലഞ്ഞു. പണം നല്‍കാന്‍ അവധിവെച്ച് ഒട്ടേറെ ഇടപാടുകാരെ തിരിച്ചയച്ചു.

ബാങ്ക് ശാഖകളിലൊന്നും ആവശ്യത്തിന് പണമത്തെിയില്ല. മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍നിന്നവര്‍ക്ക് നോട്ടു റേഷനും മുടങ്ങി. ബാങ്കിലെ നോട്ടിന്‍െറ ലഭ്യതക്ക് അനുസരിച്ച് 10,000വും 5,000ഉം 3000വുമൊക്കെ നല്‍കാന്‍ മാത്രമാണ് ബാങ്കുകള്‍ക്ക് സാധിച്ചത്. റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച പിന്‍വലിക്കല്‍ പരിധിപോലും പാലിക്കാന്‍ കഴിയാതെ ബാങ്കുകള്‍ സ്വമേധയാ നോട്ടു റേഷന് പരിധി നിശ്ചയിച്ചതുമൂലം ശമ്പളക്കാരും പെന്‍ഷന്‍കാരുമടങ്ങുന്ന ഇടപാടുകാര്‍ക്ക് മാസാദ്യത്തെ നിര്‍ബന്ധിത ചെലവുകള്‍ അവധിക്കു വെക്കേണ്ടി വന്നിരിക്കുകയാണ്.

ബാങ്കിനൊപ്പം പണമുള്ള അപൂര്‍വം എ.ടി.എമ്മുകളില്‍ 2500 രൂപ വരെ കിട്ടാനുള്ള പങ്കപ്പാടില്‍ ആയിരങ്ങള്‍ ക്യൂ നിന്നു. മുന്തിയ നോട്ടുകള്‍ അസാധുവാക്കി മൂന്നാഴ്ചക്കു ശേഷം മാത്രമത്തെിയ ശമ്പളദിനത്തില്‍ ബഹുഭൂരിപക്ഷം എ.ടി.എമ്മുകളും അടഞ്ഞുകിടന്നു. ഇതിനെല്ലാമിടയില്‍ ശമ്പളവും പെന്‍ഷനും ബാങ്ക് അക്കൗണ്ടിലെ കടലാസ് രേഖ മാത്രമായ സ്ഥിതി. അതേസമയം, പണലഭ്യത ഉറപ്പു വരുത്താന്‍ കഴിയാതെ വന്ന റിസര്‍വ് ബാങ്ക് നോട്ടിന്‍െറ അച്ചടി പൂര്‍ണതോതില്‍ നടക്കുന്നതായി ആവര്‍ത്തിച്ചു.

പണഞെരുക്കത്തില്‍ ബാങ്കുകള്‍ പ്രയാസപ്പെടുന്നതിനിടയില്‍, നോട്ടുരഹിത പണമിടപാടു രംഗത്തെ പ്രവര്‍ത്തനങ്ങള്‍ റിലയന്‍സ് വിപുലപ്പെടുത്തി. ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇലക്ട്രോണിക് മാര്‍ഗത്തില്‍ ജിയോ-വാലറ്റിലേക്ക് പണം മാറ്റി വിവിധ ആവശ്യങ്ങള്‍ക്ക് ഇ-പേമെന്‍റ് നടത്താന്‍ പ്രേരിപ്പിക്കുന്ന പദ്ധതിയാണ് മുകേഷ് അംബാനി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. പേ-ടിഎമ്മിന്‍െറ മാതൃകയില്‍ രാജ്യത്തെ ദശലക്ഷക്കണക്കായ വ്യാപാര സ്ഥാപനങ്ങളുമായി ജിയോ മണിയെ ബന്ധിപ്പിക്കുകയാണ്. നോട്ടുരഹിതമായി ഇടപാടു നടത്തുന്നതിന്‍െറ ഭാവി സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഇത്. ആധാര്‍ അടിസ്ഥാനപ്പെടുത്തി പണം മാറ്റിയെടുക്കാവുന്ന മൈക്രോ എ.ടി.എമ്മുകളും ജിയോ മണിയുടെ ഭാഗമാണ്.

Tags:    
News Summary - bank transaction denied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.