ഹക്കിംപൂർ (പശ്ചിമ ബംഗാൾ): വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണം (എസ്.ഐ.ആർ) കാരണം പശ്ചിമ ബംഗാളിൽ നിന്ന് തിരിച്ചുപോകുന്ന ബംഗ്ലാദേശികളുടെ എണ്ണം കൂടുന്നു. അധികൃതരെ കാണിക്കാൻ മതിയായ രേഖകളില്ലാത്തതിനാൽ പലരും അതിർത്തി കടന്ന് മടങ്ങുകയാണ്. നോർത്ത് 24 പർഗാനാസിലെ ഹക്കിംപൂരിൽ ബി.എസ്.എഫിന്റെ അതിർത്തി ഔട്ട്‌പോസ്റ്റിലൂടെ നിരവധി പേരാണ് പോയത്.

രേഖകളില്ലാത്തതിനാലാണ് ഇവർ തിരിച്ചുപോകുന്നത്. പഴയ രേഖകൾ വേണമെന്നതിനാൽ ചോദ്യം ചെയ്യലും ജയിൽ വാസവും പേടിച്ചാണ് ഈ തിരുമാനം. ആറ് ദിവസത്തിനുള്ളിൽ ഔദ്യോഗിക നടപടിക്രമങ്ങൾക്കുശേഷം ഏകദേശം 1,200 പേർ ബംഗ്ലാദേശിലേക്ക് മടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ചയും 60 പേർ കാത്തിരിക്കുകയായിരുന്നുവെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

വിശാലമായ ഒരു ആൽമരത്തിന്റെ ചുവട്ടിൽ, ചെറിയ തുണി സഞ്ചികളുമായി കുടുംബങ്ങളും കുട്ടികളും പുരുഷന്മാരും നിശ്ശബ്ദമായി വരിനിന്ന് ബി.എസ്.എഫുകാരോട് അഭ്യർഥിക്കുകയാണ്. തങ്ങൾക്ക് വീട്ടിൽ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. ദാരിദ്ര്യം സഹിക്കാതെ വന്നതാണെന്നും ശരിയായ രേഖകളൊന്നുമില്ലാത്തതിനാൽ സ്വന്തം നാടായ ഖുൽനയിലേക്ക് മടങ്ങണമെന്നും കൊൽക്കത്തക്കടുത്തുള്ള ന്യൂ ടൗണിൽ വീട്ടുജോലിക്കാരിയായ ഷാഹിൻ ബീബി പറഞ്ഞു.

പ്രതിമാസം 20,000 രൂപയോളം സമ്പാദിച്ചിരുന്നെന്നും പതിവായി വീട്ടിലേക്ക് പണം അയച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ബംഗാളിൽ വന്ന ശേഷം ആധാർ, റേഷൻ കാർഡുകളും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളും ഇടനിലക്കാർ വഴി വാങ്ങിയതായി പലരും സമ്മതിക്കുന്നു. തിരിച്ചുപോകുന്നതിൽ കുറച്ചുപേർ പത്ത് വർഷത്തിലേറെയായി സംസ്ഥാനത്തുണ്ട്. മറ്റുള്ളവർ ഏതാനും വർഷങ്ങൾക്കു മുമ്പാണ് എത്തിയത്.

ബംഗാളിലേക്ക് പ്രവേശിക്കാൻ 5000 മുതൽ 7000 രൂപ വരെ നൽകിയതായും രേഖകൾ ലഭിക്കാൻ 20,000 രൂപ ചെലവാക്കിയതായും മനിറുൽ ഷെയ്ഖ് എന്ന ബംഗ്ലാദേശി യുവാവ് പറഞ്ഞു. എസ്.ഐ.ആർ നടപടികൾ തുടങ്ങിയ നവംബർ നാലുമുതൽ അതിർത്തികളിൽ തിരക്ക് കൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

വിശദമായ പരിശോധന നടത്തിയാണ് കടത്തി വിടുന്നത്. അതുവരെ അതിർത്തിയിൽ കാത്തിരിക്കണം. 18 വർഷം മുമ്പ് ചികിത്സക്കായി വന്ന് പിന്നീട് ലോക്കൽ ട്രെയിനുകളിൽ പാട്ടുപാടി ജീവിച്ച അന്ധനായ ഒരാൾ വേലിക്കരികിൽ നിശ്ശബ്ദമായി ഇരിക്കുന്നുണ്ടായിരുന്നു. തിരികെ ബംഗ്ലാദേശിൽ പോയി വീണ്ടും പാടണമെനും ഇനി അവർ സ്വീകരിക്കുമോ എന്നറിയില്ലെന്നുമുള്ള ആശങ്കയാണ് ആ തെരുവുഗായകന്.

ബംഗാളിൽ രാഷ്ട്രീയ ഏറ്റുമുട്ടൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടപടികൾ രാഷ്ട്രീയ ഏറ്റുമുട്ടലിന് ആക്കം കൂട്ടി. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം അനുവദിച്ചുവെന്ന് ബി.ജെ.പി ആരോപിക്കുന്നു.

അതേസമയം, ദുർബല സമൂഹങ്ങളെ ലക്ഷ്യമിട്ട് പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി കേന്ദ്രം എസ്.ഐ.ആറിനെ ആയുധമാക്കി എന്നാണ് സംസ്ഥാന സർക്കാറിന്റെ ആരോപണം.

Tags:    
News Summary - Bangladesh refugees trapped in SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.