ന്യൂഡൽഹി: പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബൽക്കിസ് ബാനു സമർപ്പിച്ച ഹരജി സുപ്രിംകോടതിയിലെ പുതിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക. തൃണമൂൽ എം.പി മൊഹുവ മൊയ്ത്ര, സി.പി.എം പി.ബി അംഗം സുഭാഷിണി അലി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് ഹരജി സമർപ്പിച്ചിട്ടുണ്ട്.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയാണ് ഹരജി. ജനുവരി നാല് മുതൽ സുപ്രിംകോടതിയിൽ അനിശ്ചിതത്വത്തിലായ കേസ് ആണ് ഇന്ന് പുതിയ ബെഞ്ച് പരിഗണിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികം പ്രമാണിച്ച് ജയിലിലെ നല്ല നടപ്പിന്റെ പേരിലാണ് ബൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയത്. ബലാത്സംഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഹീനമായ ആക്രമണം എന്നിവ നടത്തുകയും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത കുറ്റവാളികളെ തുറന്നുവിടുന്നതിനു നിലവിൽ നിയമ തടസമുണ്ട്. 2014ലെ ഈ ഭേദഗതി പരിഗണിക്കാതെയാണ് പ്രതികളെ മോചിപ്പിച്ചത്.
15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയിരുന്നു. അന്വേഷണ ഏജൻസികളുടെ എതിർപ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്ത് ബി.ജെ.പി സർക്കാർ ഇവരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
സുപ്രിംകോടതിയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും കൊടുംകുറ്റവാളികളെ മോചിതരാക്കിയ നടപടി റദ്ദാക്കണമെന്നുമാണ് ബൽക്കിസ് ബാനു സമർപ്പിച്ച ഹരജിയിലെ ആവശ്യം. ഗുജറാത്ത് മുൻ നിയമ സെക്രട്ടറിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബേല എം. ത്രിവേദി ബെഞ്ചിൽ നിന്ന് പിന്മാറിയതോടെയാണ് കേസ് പരിഗണിക്കുന്നത് നീണ്ടുപോയത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച ബൽക്കിസ് ബാനുവിന്റെ അഭിഭാഷക ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.
അതേസമയം, 2002ലെ ഗുജറാത്ത് വംശഹത്യക്കിടയിൽ കലാപത്തിനിടെ ബൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ബന്ധുക്കളെയും കുഞ്ഞിനെയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാളെ സർക്കാർ വേദിയിൽ അണിനിരത്തി ബി.ജെ.പി. കോടതി ശിക്ഷിച്ച പ്രതികൾക്ക് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ ശിക്ഷാ ഇളവ് നൽകുകയും മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ മോചിപ്പിക്കപ്പെട്ട 11 കൊടുംകുറ്റവാളികളിൽ ഒരാളാണ് കഴിഞ്ഞ ദിവസം ഗുജറാത്തിൽ ഒരു സർക്കാർ പരിപാടിയിൽ ബി.ജെ.പി എം.പിക്കും എം.എൽ.എക്കുമൊപ്പം വേദി പങ്കിട്ടത്. പ്രതികളുടെ മോചനം സുപ്രീം കോടതിയിൽ ബൽക്കീസ് ബാനു ചോദ്യം ചെയ്തിട്ടുണ്ട്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
മാർച്ച് 25 ന് ദാഹോദ് ജില്ലയിലെ കർമ്മാഡി ഗ്രാമത്തിലാണ് ഗ്രൂപ്പ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. ദഹോദ് എം.പി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എം.എൽ.എയുമായ സൈലേഷ് ഭാഭോറിനുമൊപ്പം പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് സ്റ്റേജിൽ നിൽക്കുന്ന വീഡിയോകളും ഫോട്ടോകളും ആണ് പുറത്തുവന്നിട്ടുള്ളത്. ചടങ്ങിൽ അവർക്കൊപ്പം കുറ്റവാളി ഫോട്ടോക്ക് പോസ് ചെയ്യുന്നതും പൂജയിൽ പങ്കെടുക്കുന്നതും കാണാം. ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്ത ഇരുനേതാക്കളും ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ 11 പ്രതികളെ മോചിപ്പിച്ചത് രാജ്യത്തുടനീളം രോഷത്തിന് കാരണമായിരുന്നു. ബൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവളുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാ് മോചിപ്പിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ബാനുവിന്‍റെ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.