ബദ്‌ലാപൂർ ഏറ്റുമുട്ടൽ കേസ്: പ്രതിക്ക് പിസ്റ്റൾ പിടിച്ചെടുക്കാനും വെടിവെക്കാനും കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് ബോംബെ ഹൈകോടതി

മുംബൈ: ബദ്‌ലാപൂർ ഏറ്റുമുട്ടൽ കേസിൽ കൊല്ലപ്പെട്ട അക്ഷയ് ഷിൻഡെക്ക് പൊലീസിൽനിന്ന് പിസ്റ്റൾ പിടിച്ചെടുക്കാനും വെടിവെക്കാനും കഴിഞ്ഞുവെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് ബോംബെ ഹൈകോടതി. തിങ്കളാഴ്ച വൈകീട്ട് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബദ്‌ലാപൂർ സ്‌കൂൾ ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതിയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതിയിൽ വാദം നടക്കവേയാണ് കോടതി പരാമർശം.

വ്യാജ ഏറ്റുമുട്ടലാണ് നടന്നിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകളും പ്രതിയുടെ കുടുംബവും ആരോപിക്കുന്നതിനിടെ വിഷയം മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. പൊലീസിനും മഹാരാഷ്ട്ര സർക്കാറിനു​മെതിരെ വിവിധ രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തി. കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറണമെന്ന് അക്ഷയ് ഷിൻഡെയുടെ പിതാവ് അന്ന ഷിൻഡെ ആവശ്യപ്പെട്ടു.

മകൻ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് അഭിഭാഷകൻ അമിത് കത്രൻവെയർ മുഖേന സമർപ്പിച്ച ഹർജിയിൽ അന്ന ഷിൻഡെ ആരോപിച്ചു. ഏറ്റുമുട്ടലിൽ മഹായുതി സർക്കാരിനെ പ്രതിപക്ഷം വിമർശിച്ചപ്പോൾ, ശിവസേനയും എം.എൻ.എസും ഉൾപ്പെടെയുള്ള ചില പാർട്ടികൾ വെടിവെപ്പിൽ പങ്കെടുത്ത പോലീസുകാർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റുമുട്ടലിൽ പരിക്കേറ്റ അസിസ്റ്റന്റ് ഇൻസ്പെക്ടർ നിലേഷ് മോറിന് ശിവസേന കല്യാൺ തലവൻ 51,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതേസമയം എം.എൻ.എസിന്റെ താനെ പാൽഘർ തലവൻ നിലേഷ് മോറിനും സഹപ്രവർത്തകൻ സഞ്ജയ് ഷിൻഡെയ്ക്കും സമാനമായ പാരിതോഷികം പ്രഖ്യാപിച്ചു.

Tags:    
News Summary - Badlapur encounter case: Bombay High Court finds it difficult to believe that the accused could have grabbed the pistol and fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.