ന്യൂഡൽഹി: പുരാവസ്തു വിദഗ്ധരുടെ പര്യേവക്ഷണത്തിൽ ബാബരി മസ്ജിദിനടിയിൽനിന്ന് കിട്ടിയ കെട്ടിട അവശിഷ്ടങ്ങൾ ക്ഷേത്രത്തിേൻറതാണെന്ന് എങ്ങനെ സ്ഥാപിക്കുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹിന്ദുപക്ഷത്തോട് ചോദിച്ചു.
അവശിഷ്ടങ്ങൾ ക്ഷേത്രത്തിേൻറതെന്ന് തെളിയിക്കാനുള്ള ബാധ്യത ഹിന്ദുപക്ഷത്തിനാണെന്നും അതിനുള്ള വാദം പൂർണമായും തെളിവുകളുടെ അടിസ്ഥാനത്തിലാകണമെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു. കുഴിച്ചപ്പോൾ കണ്ട കെട്ടിടാവശിഷ്ടങ്ങൾ ഹിന്ദു ക്ഷേത്രത്തിേൻറതാണെന്നത് അനുമാനമാണെന്ന് വൈദ്യനാഥൻ പറഞ്ഞപ്പോൾ അവ ഹിന്ദു ക്ഷേത്രത്തിേൻറതെന്ന് പറയുന്നതുപോലെ ബുദ്ധവിഹാരത്തിേൻറതാണെന്നും പറഞ്ഞുകൂടെയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. വിശ്വാസവും ഭക്തിയും തീർത്തും വ്യത്യസ്തമായ വാദമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ്, വൈദ്യനാഥനെ ഒാർമിപ്പിച്ചു.
വിശ്വാസത്തിനും ഭക്തിക്കും തെളിവുണ്ടാക്കാനാവില്ല. എന്നാൽ, ഇൗ കേസിലെ വാദം പൂർണമായും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാകണം. ഇന്ത്യയിൽ ചരിത്രം രേഖെപ്പടുത്തിയ രീതിയും പാശ്ചാത്യരുടെ രീതിയും വ്യത്യസ്തമാണെന്നായിരുന്നു വൈദ്യനാഥൻ നൽകിയ മറുപടി. നമ്മുടേത് ആചാരവും പാരമ്പര്യവും സംസ്കാരവും അടിസ്ഥാനമാക്കിയാണ്. അതിനാൽ യുക്തി നോക്കി അതിനെ തള്ളിക്കളയാനാവില്ല -വൈദ്യനാഥൻ വാദിച്ചു.
വേദങ്ങളെയും ശ്രുതികളെയും സ്മൃതികളെയും തങ്ങൾ തള്ളിപ്പറഞ്ഞിട്ടില്ലെന്നു പറഞ്ഞ് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ ഇതിൽ ഇടപെട്ടു. 1934ന് മുമ്പ് ബാബരി മസ്ജിദ് ഭൂമിയിൽ തുടർച്ചയായ ഹിന്ദു ആരാധന നടന്നതായി തെളിയിക്കാൻ സാക്ഷികൾ നൽകിയ മൊഴികൾക്ക് കഴിഞ്ഞില്ലെന്നാണ് തങ്ങൾ വാദിച്ചതെന്നും രാജീവ് ധവാൻ കൂട്ടിച്ചേർത്തു.
സ്കന്ദ പുരാണത്തിലെ ശ്ലോകങ്ങളിൽ ‘ജന്മസ്ഥാനെ’ കുറിച്ച് പറയുന്നുണ്ടെന്ന് രാമവിഗ്രഹത്തിനു വേണ്ടി വാദിക്കുന്ന പി.എസ്. നരസിംഹ ബോധിപ്പിച്ചതും ധവാൻ ഖണ്ഡിച്ചു. സുന്നി വഖഫ് ബോർഡ് മുന്നോട്ടുവെച്ച ആറ് വിഷയങ്ങൾക്ക് മറുപടി നൽകുന്നതിനുപകരം ഇതുവരെ കേസിൽ പറയാത്ത വാദങ്ങളുമായി ഹിന്ദുപക്ഷത്തെ പി.എൻ. മിശ്ര വന്നുവെന്ന് രാജീവ് ധവാൻ ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ച ചീഫ് ജസ്റ്റിസ് പുതിയ തലങ്ങളിലേക്ക് വാദം ഇനിയും കൊണ്ടുപോകരുതെന്ന് മിശ്രയോട് ആവശ്യപ്പെട്ടു.
ഒാരോ മത ഗ്രന്ഥങ്ങൾക്കും വ്യത്യസ്ത വ്യാഖ്യാനമുണ്ടാകുമെന്നും ഇത്തരം തെളിവുകൾ ഇനി വെക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡും മിശ്രയോട് പറഞ്ഞു. താങ്കൾക്ക് വാദിക്കാൻ മതിയായ സമയം നൽകിയെന്നും ഇനി പുതിയ തെളിവുകൾ സമർപ്പിക്കാൻ പറ്റില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പുതിയ തെളിവുകൾ വെച്ചാൽ അതിന് മറുവാദം നടത്താൻ അനുവദിക്കേണ്ടിവരുമെന്നും അതിനാൽ വാദം അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ്, അഡ്വ. മിശ്രയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.