ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ അപകടകരമായ വായു മലിനീകരണം ജന ജീവിതത്തെ സ്തംഭിപ്പിക്കുന്നതിനിടെ വിവാദപ്രസ്താവനയുമായി യോഗ ഗുരു ബാബാ രാംദേവ്. രാജ്യം വികസിക്കുമ്പോൾ പൊടി സ്വാഭാവികമാണെന്നും അതിന് എയർ പ്യൂരിഫയറുകൾ ഉപയോഗിക്കാതെ തള്ളിപ്പറഞ്ഞ രാംദേവ് അവയെ ‘സമ്പന്നരുടെ ഒരു ഫാഷൻ’ എന്നാണ് വിശേഷിപ്പിച്ചത്. എയർ പ്യൂരിഫയറുകൾക്ക് പകരം യോഗ, മാസ്കുകൾ, കർട്ടനുകൾ എന്നിവയാണ് രാംദേവ് നിർദേശിച്ചത്.
ഒരു ടെലിവിഷൻ ചാനലിന്റെ പരിപാടിയിൽ സംസാരിക്കവേ, രോഗങ്ങളെ പൊതുവെ ചെറുക്കാൻ യോഗ വ്യായാമം ചെയ്യണമെന്ന് രാംദേവ് നിർദേശിച്ചു. മലിനീകരണം ഇത്രയധികം ഉയർന്നിരിക്കുമ്പോൾ ഒരാൾക്ക് എങ്ങനെ പുറത്ത് വ്യായാമം ചെയ്യാമെന്ന് ആജ് തക് അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു. ‘നോക്കൂ, രാജ്യം പുരോഗമിക്കുമ്പോൾ സ്വാഭാവികമായും കുറച്ച് പൊടിയൊക്കെ പറക്കും’ എന്നായിരുന്നു മറുപടി.
ദേശീയ തലസ്ഥാന മേഖലയിലെ വായു മലിനീകരണത്തിന്റെ സ്ഥിരമായ വാർഷിക പ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അതെ, ഡൽഹി ചിലപ്പോൾ ഒരു ഗ്യാസ് ചേമ്പർ പോലെയാകും. അന്നേരം നിങ്ങൾ സ്വന്തം വീടുകളിൽ കർട്ടനുകൾ ഇടണം’ എന്നും പറഞ്ഞു. ഡൽഹിയിലും പ്രത്യേകിച്ച് വടക്കേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വായു മലിനീകരണത്തിനെതിരെ പോരാടാനുള്ള മാർഗങ്ങളായി രാംദേവ് ചില വ്യായാമങ്ങളും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.