പട്ന: സർക്കാർ പരിപാടിക്കിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഹിജാബ് വലിച്ചു താഴ്ത്തിയ വനിത ആയുഷ് ഡോക്ടർ നുസ്രത്ത് പർവീൺ ജോലി ഉപേക്ഷിക്കുന്നു. ഈ മാസം 20ന് ജോലിയിൽ പ്രവേശിക്കാനുള്ള നിയമനക്കത്ത് ലഭിച്ചെങ്കിലും സർവീസിൽ ചേരുന്നില്ലെന്ന നിലപാടിലാണ് യുവതിയെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്നാണ് സഹോദരി പറയുന്നതെന്നും ആശ്വസിപ്പിച്ചു ജോലിയിൽ ചേരാൻ പ്രേരിപ്പിക്കുകയാണെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
പുതുതായി നിയമിതരായ ആയുഷ് ഡോക്ടർമാർക്ക് നിയമന കത്തുകൾ നൽകുന്നതിനിടെയാണ് നിതീഷ് കുമാർ നുസ്രത്ത് പർവീന്റെ മുഖാവരണം മാറ്റാൻ ശ്രമിച്ചത്. നിയമന ഉത്തരവ് കൈമാറാൻ ഡോക്ടറെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയപ്പോഴായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ ‘സംവാദ്' പരിപാടിയിൽ 1,000ത്തിലധികം ആയുഷ് ഡോക്ടർമാർക്ക് നിയമനം നൽകിയിരുന്നു. 685 ആയുർവേദ ഡോക്ടർമാർ, 393 ഹോമിയോ ഡോക്ടർമാർ, 205 യുനാനി ഡോക്ടർമാർ എന്നിവരെയാണ് നിയമിച്ചത്. ഇവരിൽ 10 പേർക്ക് നിതീഷ് കുമാർ ചടങ്ങിൽ വെച്ച് നിയമന കത്തുകൾ കൈമാറി. ബാക്കിയുള്ളവർക്ക് ഓൺലൈനായാണ് നൽകിയത്.
ഹിജാബ് ധരിച്ച ഡോക്ടർ കത്ത് വാങ്ങാൻ വേദിയിൽ കയറിയപ്പോൾ മുഖ്യമന്ത്രി അവരെ നോക്കി "ഇത് എന്താണ്" എന്ന് ചോദിക്കുകയും അൽപ്പം കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയുമായിരുന്നു. പരിഭ്രാന്തയായ ഡോക്ടറെ സമീപം നിന്നിരുന്ന ഒരു ഉദ്യോഗസ്ഥ തിടുക്കത്തിൽ മാറ്റി നിർത്തി. അതിനിടെ, നിതീഷ് കുമാറിന്റെ അരികിൽ നിന്നിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, നിതീഷിന്റെ കൈയിൽ പിടിച്ച് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നു. ജെഡി (യു) നേതാവായ നിതീഷ് കുമാറിന്റെ മാനസിക നില തെറ്റിയതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു. ‘മുഖ്യമന്ത്രി നിതീഷ് കുമാറിന് നിയന്ത്രണം ന്ഷടമായതായി ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു. ഒരു സ്ത്രീയുടെ ഹിജാബ് ഊരിമാറ്റാൻ ശ്രമിക്കുന്നത് തീർച്ചയായും നല്ലതല്ല. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിന്റെ ദുഃഖകരമായ പ്രതിഫലനമാണിത്’-ആർ.ജെ.ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. അതേസമയം, ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിച്ചതായുള്ള റിപോർട്ടുകളെക്കുറിച്ച് അറിയില്ലെന്ന് ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ വ്യാഴാഴ്ച പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.