'പരസ്പരം കുറച്ചുകൂടി പോരടിക്കൂ'; ആപ്പിനെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ഉമർ അബ്ദുല്ല

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ആംആദ്മി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫ്രൻസ് നേതാവുമായ ഉമർ അബ്ദുല്ല.

"ഔർ ലഡോ ആപാസ് മേം!!! (പരസ്പരം കുറച്ചുകൂടി പോരടിക്കൂ ) എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. അതോടൊപ്പം ' പരസ്പരം കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസ്സിന് തൃപ്തിയാകും വരെ പോരാടുക എന്നെഴുതിയ ജിഫ് ഇമേജും പങ്കുവെച്ചിട്ടുണ്ട്.

ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോൺഗ്രസും പരസ്പരം പോരടിച്ച് ഡൽഹിയിൽ ബി.ജെ.പിയെ വിജയിപ്പിച്ചതാണ് ഉമർ അബ്ദുല്ല വിമർശിച്ചത്.

ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ നാഷനൽ കോൺഫറൻസിന്റെ മുതിർന്ന നേതാവായ ഉമർ അബ്ദുല്ല ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഐക്യമില്ലായ്മയെ നേരത്തെയും പരസ്യമായി വിമർശിച്ചിരുന്നു.

പാർലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം സഖ്യമെന്ന രീതിയെ നേരത്തെയും ഉമർ അബ്ദുല്ല വിമർശിച്ചിരുന്നു. 

ഡൽഹി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറ്റം. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറുന്നത്. 40ലേറെ സീറ്റുകളിൽ ബി.ജെ.പി മുന്നേറുമ്പോൾ 30ൽ താഴെ സീറ്റുകളിൽ മാത്രമാണ് എ.എ.പി മുന്നേറ്റം.

ഒരു സീറ്റിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നതെങ്കിലും പല സ്ഥലങ്ങളിലും കോൺഗ്രസിന് വോട്ടുയർത്താൻ സാധിച്ചിട്ടുണ്ട്. എ.എ.പിയുടെ അതികായരായ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഇപ്പോൾ പിന്നിലാണ്.

Tags:    
News Summary - "Aur Lado": Omar Abdullah's Jab Appears To Aim At INDIA Allies AAP, Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.